ഇരട്ട വോട്ടുള്ളവര്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തണം: ഹൈക്കോടതി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കോടതിയെ സമീപിച്ചിരുന്നത്.

ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ ഇടപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈനായി ഒരാള്‍ മറ്റൊരു സ്ഥലത്ത് വോട്ടിന് അപേക്ഷിക്കുമ്പോള്‍ ആദ്യമുള്ള വോട്ട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യാന്‍ സാങ്കേതിക വിദ്യ ഇല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഇതിനാവശ്യമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ കോടതിയെ അറിയിക്കണം. പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള ഒരു വിഷയമാണിതെന്ന് പറഞ്ഞ ഹൈക്കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.

content highlights: Kerala high court on double vote controversy