സ്ഥിതിഗതികള്‍ മെച്ചപ്പെട്ടെന്ന് ഉറപ്പു വരുത്തിയേ സ്‌കൂളുകള്‍ തുറക്കൂ: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യങ്ങള്‍ പൂര്‍ണമായും മെച്ചപ്പെടുത്തിയെന്ന് ഉറപ്പ് വരുത്തിയ ശേഷമേ സ്‌കൂളുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് മാസത്തെക്കാള്‍ കൊവിഡ് സാഹചര്യം സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കും ആരോഗ്യത്തിനും ആംആദ്മി സര്‍ക്കാര്‍ മികച്ച പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ തുറക്കരുതെന്നത് സംബന്ധിച്ച് ആളുകളുമായി സംസാരിച്ചിട്ടുണ്ടെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാര്‍, കൊവിഡ് പോരാളികള്‍, വിവിധ സംഘടനകള്‍ എന്നിവക്കും കെജ്‌രിവാള്‍ നന്ദി അറിയിച്ചു.

കൊവിഡിനെതിരെ പൊരുതാന്‍ ഹോം ഐസൊലേഷനും പ്ലാസ്മ തെറാപ്പിയും മികച്ച മാര്‍ഗ്ഗങ്ങളാണെന്ന് ഡല്‍ഹി തെളിയിച്ചതായി കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹിയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നടപടികള്‍ നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Kejriwal on School Re-Opening