സംസ്ഥാനത്തെ ബാങ്കുകളില്‍ വീണ്ടും സമയക്രമീകരണം

തിരുവനന്തപുരം: കേരളത്തില്‍ ദിനംപ്രതി സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ബാങ്കുകളിലും സമയക്രമീകരണം വരുത്താന്‍ തീരുമാനം. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തില്‍ ദിവസം നിശ്ചയിച്ച് ബാങ്കുകളിലേക്ക് കൂടുതല്‍ ആളുകള്‍ ഒരേസമയം എത്തുന്നതിനെ നിയന്ത്രിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തില്‍ ദിവസക്രമമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ സമയക്രമമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമീകരണങ്ങള്‍ ഇങ്ങനെ:

0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെയാണ് സന്ദര്‍ശന സമയം.

4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദര്‍ശന സമയം.

8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബാങ്കുകളില്‍ എത്താം.

ഓണത്തോടനുബന്ധിച്ച് കൂടുതല്‍ ആളുകളില്‍ ബാങ്കുകളില്‍ എത്തിച്ചേരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഒരു ദിവസത്തില്‍ എല്ലാ അക്കക്കാര്‍ക്കും ബാങ്കിലെത്താമെന്നതും ആശ്വാസമാണ്. തിങ്കളാഴ്ച്ച മുതല്‍ സമയക്രമം നിലവില്‍ വരും. സെപ്തംബര്‍ 9 വരെ ഇതേ രീതി തുടരാനാണ് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം

Content Highlight: Timing Schedule of Banks in Kerala changes amid Covid spread