രാമജന്മഭൂമി ട്രസ്റ്റ് മേധാവി നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് ക്വാറന്റൈനിൽ പോവാത്തതെന്ന് ചോദ്യം ചെയ്ത് ശിവസേന രംഗത്ത്. അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രധാനമന്ത്രി ഇതുവരെ നിരീക്ഷണത്തില്‍ പോയിട്ടില്ല. ഇക്കാര്യം ചോദ്യം ചെയ്യുകയാണ് ശിവസേനയുടെ മുഖപത്രമായ സാമ്ന. 75 വയസ്സുകാരനായ മഹന്ത് നൃത്യ മാസ്ക് പോലും ധരിക്കാതെയാണ് ഭൂമി പൂജ വേദിയിൽ എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ എസ്എസ് മേധാവി മോഹൻ ഭാഗവതും അദ്ധേഹത്തോട് അടുത്തിടപെട്ടിട്ടുണ്ട്.
പ്രധാന മന്ത്രി ബഹുമാനത്തോടെ നൃത്യ ഗോപാല്‍ ദാസിന്റെ കൈപിടിക്കുകയും ചെയ്തു. മഹന്ത് നൃത്യക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രിയും നിരീക്ഷണത്തില്‍ പോകണമെന്നാണ് സാമ്‌നയുടെ മുഖപ്രസംഗം വ്യക്തമാക്കുന്നത്. ആഗസ്ത് 5നായിരുന്ന അയോധ്യയിലെ ഭൂമിപൂജ. നരേന്ദ്ര മോദിയും നിത്യ ഗോപാല്‍ ദാസും മോഹന്‍ ഭാഗവതും യോഗി ആദിത്യനാഥും ഉള്‍പ്പെടെ 175 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന് മുന്‍പ് രണ്ട് സഹപൂജാരിമാര്‍ക്കും സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 16 പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Content Highlights; Shiv Sena questions quarantine rules regarding PM Modi after Nritya Gopal Das tests Covid-19 positive