ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷം; മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നെന്ന മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. ആഗസ്റ്റ് ഏഴ് മുതല്‍ 14 വരെയുള്ള പരിശോധനകളുടെയും കൊവിഡ് കേസുകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

തുടക്കം മുതലേ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ്, എറണാകുളം ജില്ലകളിലെ സ്ഥിതി ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍, ആദ്യ വാരത്തെ അപേക്ഷിച്ച് രണ്ടാം വാരത്തില്‍ പാലക്കാട്, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ രോഗ വ്യാപനത്തോത് കുറഞ്ഞതായും ആരോഗ്യ വകുപ്പ് സൂചിപ്പിക്കുന്നു.

1,84,000ല്‍ അധികം പരിശോധകള്‍ നടത്തിയപ്പോള്‍ 9,577 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 37 മരണവും സ്ഥിരീകരിച്ചിരുന്നു. രോഗ വ്യാപനം കൂടുതലായ ജില്ലകളില്‍ ക്ലസ്റ്ററുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ജലദോഷ പനിയടക്കമുള്ളവരെ മുഴുവന്‍ പേരെയും കൊവിഡ് പരിശോധനക്ക് വിധേയമാക്കും. സംസ്ഥാനത്ത് ദിവസേന 1000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തിലും ഏകോപിപ്പിക്കാന്‍ സജ്ജീകരണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.

Content Highlight: State Government warned over the increase in Covid cases