പിടിവിടാതെ കൊവിഡ്: സംസ്ഥാനത്ത് നാല് മരണങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ ഒന്നിലധികം കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയുയര്‍ത്തുന്നു. ബുധനാഴ്ച്ച 11 മണി വരെ മാത്രം നാല് പേരുടെ കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 173ലേക്ക് ഉയര്‍ന്നു.

ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് ഇവരുടെ മരണം സ്ഥിരീകരിക്കുന്നത്. കോഴിക്കോട് മൂന്ന് മരണങ്ങളും ആലപ്പുഴ ഒരു മരണവുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ രണ്ട് പേര്‍ മലപ്പുറം സ്വദേശികളാണ്.

നല്ലളം അരീക്കാട് സ്വദേശി അഹമ്മദ് ഹംസ(69) ആണ് മരിച്ച കോഴിക്കോട് സ്വദേശി. ഇദ്ദേഹത്തെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ആണ് മരിച്ച മറ്റൊരാള്‍. മലപ്പുറം ചെറിയ കുന്ന് സ്വദേശിയായ എത്തീന്‍കുട്ടി (71) ആണ് കോവിഡ് മൂലം മരിച്ച മൂന്നാമത്തെയാള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മുഹമ്മദ് ഇഖ്ബാല്‍, എത്തീന്‍കുട്ടി, അഹമ്മദ് ഹംസ എന്നിവര്‍ മരിച്ചത്. ഇന്നലെയാണ് മുഹമ്മദ് ഇഖ്ബാലും എത്തീന്‍കുട്ടിയും മരിച്ചത്. അഹമ്മദ് ഹംസ 12 ദിവസമായി ചികിത്സയിലായിരുന്നു.

ആലപ്പുഴ കനാല്‍ വാര്‍ഡില്‍ താമസിക്കുന്ന ക്ലീറ്റസ് (82) ആണ് കോവിഡ് മൂലം മരിച്ച നാലാമത്തെയാള്‍. പനിയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ഇദ്ദേഹത്തെ ആലപ്പുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ക്ലീറ്റസ് മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ റിപ്പോര്‍ട്ട് ബുധനാഴ്ചയാണ് പുറത്തുവന്നത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ക്ലീറ്റസിനുണ്ടായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

Content Highlight: 4 New Covid Deaths reported in Kerala