പോര്‍ട്ട് ലൂയിസ്: മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് എണ്ണക്കപ്പല്‍ തകര്‍ന്ന സംഭവത്തില്‍ വന്‍ പാരിസ്ഥിതിക ദുരന്തം സംഭവിക്കുമെന്ന് ആശങ്ക. കണ്ടല്‍ക്കാടുകളുടെയും വംശനാശ ഭീക്ഷണി നേരിടുന്ന ജീവികളുടെയും ആവാസ കേന്ദ്രമായ പ്രദേശത്ത് ടണ്‍ കണക്കിന് ഓയിലാണ് പടര്‍ന്നത്. തിരമാലയുടെ ശക്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കപ്പല്‍ രണ്ടായി പിളരുകയും ചെയ്തിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കപ്പലിലെ ഇന്ത്യന്‍ പൗരനായ ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ നന്ദേശ്വറിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ ശ്രീലങ്കന്‍ പൗരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 25നാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കുന്നത്. നാലായിരം ടണ്‍ ഇന്ധനമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഓഗസ്റ്റ് ആറു മുതല്‍ ആയിരം ടണ്ണോളം എണ്ണ കടലിലേക്ക് ഒഴുകിയിരുന്നു. കപ്പലില്‍ നിന്ന് മുവ്വായിരത്തോളം ടണ്‍ എണ്ണ പമ്പ് ചെയ്ത് മാറ്റുന്നതിനായി ഇന്ത്യ, ജപ്പാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മൗറീഷ്യസിനെ സഹായിച്ചിരുന്നു.
ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ എന്ന കപ്പല്‍ സിങ്കപ്പൂരില്‍ നിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലായ് 25നാണ് മൗറീഷ്യന്‍ തീരത്ത് പവിഴപ്പുറ്റിലിടിച്ചത്. സംഭവത്തില്‍ കപ്പലിലെ മറ്റ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യാനാണ് മൗറീഷ്യസ് പൊലീസിന്റെ തീരുമാനം.
Content Highlight: Mauritius Arrests Indian Captain, Deputy Of Oil-Spill Ship