ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രി. ശ്വാസ കോശത്തില്‍ അണുബാധ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായെന്നാണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നത്.

വെന്റിലേറ്റര്‍ സഹായത്തോടെയാണ് നിലവില്‍ അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പ്രണബ് മുഖര്‍ജിയെ പരിചരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ അടിയന്തിര മസ്തിഷ്‌ക ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പ്രണബ് മുഖര്‍ജി മരിച്ചെന്ന വ്യാജ വാര്‍ത്തക്കെതിരെ മകന്‍ രംഗത്തെത്തിയിരുന്നു. ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം വ്യാജ വാര്‍ത്തകളുടെ കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

Content Highlight: Pranab Mukharjee’s health condition is critical