കേരളത്തില്‍ ഒരു മാസത്തില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ദ്ധന

ആഗോള തലത്തില്‍ മഹാമാരിയെന്ന് പ്രഖ്യാപിച്ച കൊവിഡ് 19 വളര്‍ച്ച കൂടുന്നതായി റിപ്പോര്‍ട്ട്. ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച് ആറ് മാസങ്ങളോളം പിന്നിടുമ്പോഴും മഹാമാരിയെ പിടിച്ച് നിര്‍ത്താന്‍ പല രാജ്യങ്ങള്‍ക്കും കഴിയാതെ വരുന്നതും കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഒരിക്കല്‍ കൊവിഡിനെ പിടിച്ച് നിര്‍ത്തിയ രാജ്യങ്ങളില്‍ വീണ്ടും രോഗം സ്ഥിരീകരിക്കുന്നതും കനത്ത വെല്ലുവിളിയാണ്.

കേരളവും ഇതേ തോതില്‍ അളക്കാന്‍ കഴിയുന്ന സംസ്ഥാനമാണ്. ഇന്ത്യയില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായിട്ടും വെറും മാസങ്ങള്‍ക്കുള്ളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഒരു കൊവിഡ് രോഗി പോലുമില്ലാതെ കേരളം മാറിയിരുന്നു. എന്നാല്‍, രണ്ടാം ഘട്ടത്തിലും ആളുകളില്‍ രോഗം സ്ഥിരീകരിച്ച് കഴിഞ്ഞതോടെ കനത്ത ജാഗ്രതയിലേക്ക് സംസ്ഥാനം മാറി. ദിനംപ്രതിയുള്ള കൊവിഡ് കേസുകള്‍ അമ്പതില്‍ നിന്ന് നൂറിന് മുകളിലെത്താനും അത് പിന്നീട് ആയിരം കടക്കാനും വളരെ ചുരുങ്ങിയ ദിനങ്ങളേ വേണ്ടി വന്നുള്ളൂവെന്നത് ആശങ്കയായി.

ബുധനാഴ്ച്ച കേരളത്തില്‍ ആദ്യമായി 2000ത്തിലധികം കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 50,000 കടന്നു. കഴിഞ്ഞ ഒരു മാസം കൊണ്ട് കേരളത്തില്‍ സ്ഥിരീകരിച്ച കേസുകള്‍ നാലിരട്ടിയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസേന 4.01 എന്ന നിരക്കില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്. ഇന്ത്യയില്‍ രോഗികളുടെ എണ്ണം വേഗത്തില്‍ കൂടുന്നതില്‍ ഒരു സംസ്ഥാനം കേരളമാണ്. ഇപ്പോഴും രാജ്യത്ത് മരണ നിരക്ക് കുറവുള്ള സംസ്ഥാനം കേരളമാണെങ്കിലും കഴിഞ്ഞ ആഴ്ച്ചകളില്‍ ദിനംപ്രതിയുള്ള മരണ നിരക്കും ഉയര്‍ന്നിട്ടുണ്ട്.

കേരളത്തെ കൂടാതെ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഉയര്‍ന്ന കൊവിഡ് നിരക്കാണ് ബുധനാഴ്ച്ച രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കായ 69,000ലധികം കേസുകളാണ് ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തത്. പരിശോധനകളുടെ എണ്ണവും റെക്കോഡിലെത്തി.

Content Highlight: Covid cases in Kerala shows four times higher in one Month