പേരാമ്പ്ര മാര്‍ക്കറ്റില്‍ കൂട്ടത്തല്ല്; മുഴുവന്‍ ആളുകളോടും റൂം ക്വാറന്റൈനില്‍ പോകാന്‍ ജില്ലാ കളക്ടര്‍

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോഴിക്കോട് പേരാമ്പ്ര മാര്‍ക്കറ്റില്‍ ആളുകള്‍ കൂട്ടം കൂടി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ നടപടിയെടുത്ത് ജില്ലാ ഭരണകൂടം. സംഘര്‍ഷ പ്രദേശത്ത് ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരോടും റൂം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇവര്‍ തൊട്ടടുത്തുള്ള പ്രാഥമിക കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഏഴ് ദിവസത്തിന് ശേഷം കൊവിഡ് ടെസ്റ്റ് നടത്തണമെന്നും കളക്ടര്‍ അറിയിച്ചു.

പേരാമ്പ്ര മാര്‍ക്കറ്റില്‍ മീന്‍വില്പനക്കാരില്‍ കൂടുതലും എസ്ടിയു പ്രവര്‍ത്തകരാണ്. തങ്ങളുടെ കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് മീന്‍ വില്‍ക്കാന്‍ അവകാശം വേണം എന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ പുറത്തുനിന്നുള്ളവരുമായി സംഘടിച്ചു എത്തുകയായിരുന്നു. ഇത് എസ്ടിയു പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

സിഐടിയു-എസ്ടിയു പ്രവര്‍ത്തകരാണ് പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ സംഘര്‍ഷം സൃഷ്ടിച്ചത്. പതിനഞ്ചോളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

Content Highlight: District Collector take action on Perambra Market Conflict