ഇന്ത്യയിലെ തൊഴിലന്വേഷികളെ സഹായിക്കാനൊരുങ്ങി ഗൂഗിള്‍

വാഷിങ്ടണ്‍: ടെക് ഭീമനായ ഗൂഗിളിന്റെ തൊഴില്‍ അന്വേഷണ ആപ്ലിക്കേഷനായ കോര്‍മോ ജോബ്‌സിന്റെ സേവനം ഇന്ത്യയിലേക്ക് കൂടി വികസിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപകാരപ്രദമാകുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന വിവരം.

2018 ല്‍ കമ്പനിയുടെ തൊഴില്‍ സേവനം ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്ക് വിപുലപ്പെടുത്തിയിരുന്നു. ഗൂഗിളിന്റെ തന്നെ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിള്‍ പേയിലൂടെ തൊഴില്‍ കണ്ടെത്താനുള്ള സേവനവും സജ്ജീകരിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്.

ജോബ്‌സ് സ്‌പോട്ട് എന്ന പേര് മാറ്റി ഇന്ത്യയില്‍ ഇത് കോര്‍മോ ജോബ്‌സ് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് ആലോചന. ഗൂഗിള്‍ പേയിലൂടെ ആപ്ലിക്കേഷന്‍ സമാരംഭിച്ചതുമുതല്‍ സോമാറ്റോ, ഡന്‍സോ എന്നിവയുള്‍പ്പെടെ നിരവധി കമ്പനികള്‍ 2 ദശലക്ഷത്തിലധികം ജോലികള്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

എന്‍ട്രി ലെവല്‍ തൊഴിലവസരങ്ങള്‍ തിരിച്ചറിയുന്നതിനും പുതിയ കഴിവുകള്‍ പഠിക്കുന്നതിനും ബയോഡേറ്റകള്‍ സൃഷ്ടിക്കുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്ന ആപ്ലിക്കേഷനായിരിക്കും കോര്‍മോ.

Content Highlight: Google launches Kormo app in India to help people find jobs