തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി. പത്തനംതിട്ട, കാസര്‍ഗോഡ്, കോട്ടയം എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് മരണങ്ങള്‍ സംഭവിച്ചത്.
63 വയസ്സുകാരിയായ ലിസ്സിയാണ് പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലായിരുന്നു മരണം. കാസര്‍ഗോഡ് മരിച്ച അബ്ബാസിന് (74) മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയും ശ്വാസ തടസ്സവും ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയാണ് ഇയാള്‍ മരിച്ചത്.
കട്ടപ്പന സുവര്‍ണഗിരി സ്വദേശിയാണ് കോട്ടയത്ത് മരിച്ചത്. പ്രമേഹത്തെ തുടര്‍ന്ന് കാല്‍ മുറിച്ച് മാറ്റാനായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹവും ഇന്നലെയാണ് മരിച്ചത്.
അതേസമയം, സംസ്ഥാനത്ത് യുവാക്കളില്‍ രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നുണ്ട്. ഇവരില്‍ നിന്ന് മുതിര്‍ന്നവരിലേക്ക് രോഗം വ്യാപിക്കുമെന്നതാണ് ആശങ്ക. മരണ നിരക്ക് കൂടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ഐസിയു വെന്റിലേറ്ററുകള്‍ സജ്ജമാക്കാനാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Content Highlight: 3 more Covid deaths reported in Kerala