രണ്ടു വര്‍ഷത്തിനുള്ളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: സാങ്കേതിക വിദ്യകളുടെ മുന്നേറ്റത്താല്‍ രണ്ട് വര്‍ഷം കൊണ്ട് കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെദ്രോസ് അഥോനം ഗബ്രിയേസസ്. സ്പാനഷ് ഫ്‌ലൂ അടക്കമുള്ള മഹാമാരികളില്‍ നിന്ന് മുക്തി നേടാന്‍ ഏകദേശം രണ്ട് വര്‍ഷമെടുത്തെന്ന സാധ്യത ചൂണ്ടികാട്ടിയാണ് അദ്ദേഹം ഇക്കാര്യവും അറിയിച്ചത്. എന്നാല്‍ 1918നെക്കാള്‍ സാങ്കേതിക വിദ്യകളും മെഡിക്കല്‍ വിഭാഗവും വളര്‍ച്ച പ്രാപിച്ചതു കൊണ്ട് അതിലും വേഗത്തില്‍ രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.

പണ്ട് കാലത്തെക്കാള്‍ ഇക്കാലത്ത് ആളുകള്‍ തമ്മില്‍ കൂടുതലായി ബന്ധപ്പെടാനുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് വൈറസ് വ്യാപനം കൂടാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വിലയിരുത്തി.

സ്പാനിഷ് ഫ്ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. 22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോള്‍ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Content Highlight: Corona Virus will be over in two years: WHO