ടെന്‍ഡറില്‍ ചൈനീസ് കമ്പനിയും: 44 വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണ കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: വന്ദേഭാരത് ട്രെയിനുകളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കാനിരുന്ന 44 അതി വേഗ ട്രെയിനുകളുടെ നിര്‍മാണക്കരാര്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള കരാറും പദ്ധതിയില്‍ വന്നതോടെയാണ് കരാര്‍ റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് ഇന്ത്യ എത്തിയത്. മെയ്ക്ക് ഇന്‍ ഇന്ത്യ പ്രോഗ്രാമിന് പ്രാധാന്യം നല്‍കുന്ന പുതി ടെന്‍ഡര്‍ ഒരാഴ്ച്ചക്കകം വിളിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയ ആറ് കമ്പനികളില്‍ ഒന്ന് ഇന്ത്യന്‍ കമ്പനിയായ സിആര്‍ആര്‍സി പയണീര്‍ ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡുമായി സംയുക്തമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിയായിരുന്നു. അതുകൊണ്ട് തന്നെ ടെണ്ടര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നടപടി ചൈനക്ക് വന്‍ തിരിച്ചടിയാണ്. 2015ലാണ് ഇരു രാജ്യങ്ങളിലെ കമ്പനിയുമായി സംയുക്തമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

രാജ്യത്തെ തന്നെ സ്ഥാപനങ്ങളാണ് ടെന്ഡര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഉറപ്പു വരുത്താന്‍ റെയില്‍വേ ശ്രദ്ധിച്ചിരുന്നെങ്കിലും, ചൈനീസ് കമ്പനിക്കാണ് മുന്‍ഗണനയെന്ന് കണ്ടെത്തിയതോടെ കരാര്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഭാരത് ഇന്‍ഡസ്ട്രീസ്, സംഗ്രൂര്‍, ഇലക്ട്രോവേവ്‌സ് ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മേധാ സെര്‍വോ ഡ്രൈവ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പവര്‍നെറ്റിക്‌സ് എക്യുപ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് മറ്റ് അഞ്ച് കരാര്‍ കമ്പനിക്കാര്‍ എന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ജൂണ്‍ മാസത്തില്‍ കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയിലെ ഇരു രാജ്യത്തെ സൈന്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയതോടെ ഇന്ത്യ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളും കൂടുതല്‍ വഷളായിരുന്നു.

Content Highlight: Tender For 44 Vande Bharat Trains Cancelled After Bid From Chinese Joint Venture