ഇന്ത്യന്‍ പ്രമുഖരെ കണ്ണിമ ചിമ്മാതെ നിരീക്ഷിച്ച് ചൈനീസ് കമ്പനി; റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപതിയും, പ്രധാനമന്ത്രിയുമടക്കമുള്ള പ്രമുഖരെ നിരീക്ഷണ വലയത്തിലാക്കി ചൈനീസ് കമ്പനി. ചൈനീസ് സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായി വിവരം ലഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ടൂളുകള്‍ എന്നിവ ഉപയോഗിച്ച് ഷെന്‍ഹായി ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ നിരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രപതി രാംനാഥ് കൊവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ വിവിധ കേന്ദ്ര മന്ത്രിമാര്‍, സൈനിക മേധാവികള്‍, ഇവരുടെ കുടുംബങ്ങള്‍, ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ, മുന്‍ പ്രധാനമന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും കമ്പനിയുടെ നിരീക്ഷണത്തിലാണെന്നാണ് സൂചന.

ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സര്‍വീസിലുള്ളതും വിരമിച്ചതുമായ സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരും നിരീക്ഷണ പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

കമ്പനിയെ ഇത്തരത്തിലുള്ള ചുമതല ആര് ഏല്‍പ്പിച്ചു എന്നത് സംബന്ധിച്ച് പ്രതികരണം ലഭിച്ചിട്ടില്ല. അതേസമയം, ഇന്ത്യക്കാരെ നിരീക്ഷിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നാണ് ഡല്‍ഹിയിലെ ചൈനീസ് എംബസി നല്‍കുന്ന വിശദീകരണം.

Content Highlights: China Is watching Indian PM, President, Scientists, politicians, and other VViPs