കുട്ടികളും രോഗവാഹകരാകാം; 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ലോകാരോഗ്യ സംഘടന. കുട്ടികളും രോഗവാഹകരാകാമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് ലോകാരോഗ്യ സംഘടന പുതിയ മാര്‍ഗ്ഗ രേഖയും പുറത്തിറക്കിയിട്ടുണ്ട്.

നിര്‍ദേശങ്ങള്‍ ഇവയാണ്

  • രോഗ വ്യാപനം വലിയ രീതിയില്‍ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത ഇടങ്ങളിലും 12 വയസ്സിനും അതിനുമുകളിലും പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതുണ്ട്.
  • കോവിഡ് പകരാന്‍ മുതിര്‍ന്നവരിലുള്ള അതേ സാധ്യത കുട്ടികള്‍ക്കുമുള്ളതിനാല്‍ ആറിനും 11നും വയസ്സിനിടയില്‍ പ്രായമുള്ളവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാസ്‌ക് ധരിച്ചാല്‍ മതിയാവും. ഈ പ്രായത്തിലുള്ള കുട്ടികള്‍ പ്രായാധിക്യമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കില്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടത്തില്‍ ഈ പ്രായത്തിലുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതുണ്ട്.
  • സാധാരണ സാഹചര്യങ്ങളില്‍ അഞ്ച് വയസ്സിനു താഴെയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ല.

മുതിര്‍ന്നവരെ ബാധിക്കുന്ന അതേ രീതിയില്‍ തന്നെ രോഗം കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുനിസെഫുമായി സംയുക്തമായി ചേര്‍ന്നാണ് ലോകാരോഗ്യ സംഘടന കുട്ടികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.

Content Highlight: WHO gives new directions to Children amid Covid 19