ലോക്ക്ഡൗണ്‍ ഇളവുകളില്‍ മെട്രോ സര്‍വീസ് ആവശ്യപ്പെട്ട് കെജ്‌രിവാള്‍; പ്രത്യേകമായി പരിഗണിക്കണമെന്നാവശ്യം

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ നിയന്ത്രണം ഏര്‍പ്പെടുത്താനായതോടെ ഡല്‍ഹി മെട്രോ സര്‍വീസ് പുനഃരാരംഭിക്കാന്‍ അനുമതി തോടി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയെ പ്രത്യേകമായി പരിഗണിക്കണമെന്ന് വ്യാപാരികള്‍, വ്യവസായികള്‍, സംരംഭകര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അദ്ദേഹം ആവശ്യപ്പെട്ടത്. നിലവില്‍ കൊവിഡ് വ്യാപന സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന് മുന്നില്‍ ഇതേ വിഷയം പലതവണ അവതരിപ്പിച്ചതാണെന്നും ഇത്തവണയെങ്കിലും നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. ദിനം പ്രതി ലക്ഷക്കണക്കിനാളുകളായിരുന്നു മെട്രോയില്‍ യാത്ര ചെയ്തിരുന്നതെന്നും, വ്യാപാര സ്ഥാപനങ്ങള്‍ക്കടക്കം ഇളവ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും മെട്രോയുടെ കാര്യത്തില്‍ ഒരു തീരുമാനം ഇതേവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണില്‍ എന്ത് തരം ഇളവുകളാണ് വേണ്ടതെന്ന് മോദി മുഖ്യമന്ത്രിമാരോട് ചോദിച്ചപ്പോള്‍ മെട്രോ സര്‍വ്വീസിനെക്കുറിച്ചാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. ജൂണ്‍ അവസാന ആഴ്ചയില്‍ പ്രതിദിനം മൂവായിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയിയില്‍, ഇപ്പോള്‍ 500നും 1000ത്തിനും ഇടയില്‍ മാത്രമാണ് കേസുകള്‍ ഉള്ളത്. കൊവിഡ് രോഗികളെ ചികിത്സിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. 90 ശതമാനം രോഗമുക്തി നിരക്കാണ് ഡല്‍ഹിയിലുള്ളത്.

Content Highlight: Kejriwal asked to resume Delhi Metro Rail service