ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കിടെ ഇന്ത്യയില്‍ നടത്താനൊരുങ്ങുന്ന നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. കോടി കണക്കിന് ജനങ്ങളെ മഹാമാരിയും പ്രളയവും ബാധിച്ചിരിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥികളോട് പരീക്ഷകള്ക്കെത്താന് പറയുന്നത് ന്യായമല്ലെന്നാണ് ഗ്രേറ്റയുടെ വാദം. പരീക്ഷകള്‍ മാറ്റി വെക്കാനുള്ള പ്രതിഷേധങ്ങളില്‍ പങ്കു ചേരുന്നുവെന്ന് ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചു.
It’s deeply unfair that students of India are asked to sit national exams during the Covid-19 pandemic and while millions have also been impacted by the extreme floods. I stand with their call to #PostponeJEE_NEETinCOVID
— Greta Thunberg (@GretaThunberg) August 25, 2020
രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ ആദ്യവാരവും നീറ്റ് പ്രവേശന പരീക്ഷ സെപ്തംബര്‍ 13നും നടത്താനാണ് നിലവിലെ തീരുമാനം. ജെഇഇ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കി കഴിഞ്ഞു. 8,58,273 കുട്ടികള്‍ ജെഇഇ മെയിനിനായും, 16 ലക്ഷത്തോളം നീറ്റിനായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡിനിടയില്‍ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുന്നതില്‍ വന്‍ ആശങ്കയുണ്ട്.
ഇതിനെതിരെ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയരുന്നുണ്ട്. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, സുബ്രഹ്മണ്യന് സ്വാമി, ആദിത്യ താക്കറെ, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന് തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.
കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന 16 വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗ് സ്വീഡനില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയാണ്.
Content Highlight: Greta Thunberg on postpone NEET-JEE Exams