കൊവിഡ് ബാധിതര്‍ക്ക് വീണ്ടും കൊവിഡ്; തെളിവ് ലഭിച്ചതായി ഹോങ്കോങ് സര്‍വകലാശാല

ഒരിക്കല്‍ കൊവിഡ് 19 ബാധിച്ചയാള്‍ക്ക് വീണ്ടും കൊവിഡ് ബാധിക്കാമെന്നതിന് തെളിവുകള്‍ ശേഖരിച്ച് ഹോങ്കോങ് സര്‍വ്വകലാശാല. ഗവേഷക സംഘമാണ് ഇതിന് തെളിവുകള്‍ ശേഖരിച്ചത്. കൊവിഡ് വിവിധ രാജ്യങ്ങളില്‍ വീണ്ടും ബാധിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ആന്റിബോഡിയുള്ള ശരീരത്തില്‍ രണ്ടാമതും കൊവിഡ് സ്ഥിരീകരിക്കുമെന്നതിന് ഇതാദ്യമായാണ് ശാസ്ത്രീയ തെളിവുകള്‍ ലഭിക്കുന്നത്.

ഹോങ്കോങിലേക്ക് സ്‌പെയിനില്‍ നിന്ന് തിരിച്ചെത്തിയ വ്യക്തിയില്‍ നടത്തിയ ജനിതക പരിശോധനകളുടെ ഫലത്തിലൂടെയാണ് ഗവേഷകര്‍ ഇക്കാര്യം തെളിയിച്ചത്. കൊവിഡ് വൈറസിന്റെ മറ്റൊരു വകഭേദമാണ് ഇയാളില്‍ ബാധിച്ചിരിക്കുന്നത്. മാര്‍ച്ചിലാണ് ഇതിന് മുമ്പ് ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നത്. ആദ്യത്തെ തവണ മിതമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും രണ്ടാമത്തെ തവണ യാതൊരു വിധ ലക്ഷണങ്ങളും ഇയാള്‍ പ്രകടിപ്പിച്ചിരുന്നില്ല.

ഒരു തവണ രോഗം സ്ഥിരീകരിക്കുന്നവരില്‍ രൂപപ്പെടുന്ന ആന്റിബോഡിയും പ്രതിരോധശേഷിയും ജീവിതകാലം മുഴുവനും അയാളില്‍ ഉണ്ടാവില്ലെന്നതിനുള്ള തെളിവാണ് ഇതിലൂടെ കണ്ടെത്താനായതെന്ന് ശാസ്ത്രസംഘ തലവനും, മൈക്രോ ബയോളജിസ്റ്റുമായ ഡോ. കെല്‍വിന്‍ കായ്-വാങ്-ടോ പറഞ്ഞു.

ക്ലിനിക്കല്‍ ഇന്‍ഫെക്ടിയസ് ഡിസീസസ് ജേണല്‍(Clinical Infectious Diseases Journal) ഗവേഷണ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയെങ്കിലും മുഴുവന്‍ പഠനഫലവും ലഭിക്കാതെ നിഗമന്തിലെത്തുന്നതിനെ ചില വിഭാഗം ഗവേഷകര്‍ എതിര്‍ക്കുന്നതിനാല്‍ പഠനം പ്രസിദ്ധീകരിച്ചിട്ടില്ല. ഇത്തരം നിരീക്ഷണങ്ങള്‍ കൊവിഡ് വാക്‌സിന്‍ നിര്‍മാണത്തിലും നിര്‍ണായകമാണ്.

Content Highlight: Hong Kong man got Corona Virus a second time, scientists say