ഭിന്നശേഷിക്കാരായ വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ സമൂഹത്തിൽ ഏറ്റവും ദുൽബല വിഭാഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഭരണ തലത്തിലും നയരൂപികരണത്തിലുമൊക്കെ സർക്കാരുകൾ ഇവരുടെ ഭിന്നശേഷി വെെവിധ്യങ്ങളെ പലപ്പോഴായി അവഗണിക്കുകയാണ് ചെയ്യുന്നത്. ഇവരുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനുമായുള്ള നിയമങ്ങൾ നിലവിൽ ഇന്ത്യയിൽ ഉണ്ടെങ്കിലും അവ നടപ്പാക്കുന്നതിൽ പഴുതുകളും ഏറെയാണ്. ഭിന്നശേഷിയുടെ രാഷ്ട്രിയ സമ്പദ്ഘടനയാണ് യഥാർത്ഥത്തിൽ നാം മനസിലാക്കേണ്ടത്. ഭിന്നശേഷിക്കാരായ ആളുകളുടെ അടിസ്ഥാന സൌകര്യങ്ങൾക്കായി പണം ചെലവാക്കുന്നത് പോലും അനാവശ്യമാണ് എന്നുള്ള ഗവൺമെൻ്റ് മനോഭാവം നിലനിൽക്കുന്നിടത്ത് ഇവരുടെ പ്രശ്നങ്ങൾ എവിടേയും അടയാളപ്പെടുത്താതെ പോവുകയാണ്. അതേസമയം ഭിന്നശേഷിക്കാരായ അതിഥി തൊഴിലാളികളായ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ഈ കൊവിഡ് കാലത്ത് ചർച്ച ചെയ്യേണ്ടത് അനിവാര്യമായി വരികയാണ്. അപ്രതീക്ഷിതമായി നടപ്പിലാക്കിയ കൊവിഡ് ലോക്ഡൌൺ അതിഥി തൊഴിലാളികളെ തങ്ങളുടെ നാടുകളിലേക്ക് തിരികെ പോകാൻ നിർബന്ധിതരാക്കുകയും ലക്ഷക്കണക്കിന് ആളുകൾ പല സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തതും നമ്മൾ കണ്ടതാണ്. നിരവധി തൊഴിലാളികളുടെ ജോലിയും നഷ്ടപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ അതിഥി തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഗവൺമെൻ്റും പരാജയപ്പെട്ടു. അന്തർ സംസ്ഥാന അതിഥി തൊഴിലാളി നിയമ പ്രകാരം സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികൾക്ക് യാത്ര വേതനമായി മാസ ശമ്പളത്തിൻ്റെ 50 ശതമാനം അലവൻസ് നൽകണമെന്നാണ്. തൊഴിൽ അവകാശ നിയമങ്ങളിൽ സമീപ കാലങ്ങളായി ഒട്ടും വ്യവസ്ഥ ചെയ്യപെടാത്തതും നടപ്പിലാക്കാത്തതുമായ നിയമമാണിത്. സാമൂഹ്യ ക്ഷേമ പദ്ധതികളും യഥാസമയം അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരാജയപ്പെട്ടു. താമസ സ്ഥലത്തേയും ജോലിസ്ഥലത്തേയും പാൻ കാർഡുകളും ആധാർ കാർഡുകളും വ്യത്യസ്തമായിരുന്നതിൽ ക്ഷേമ പദ്ധതികളുടെ സഹായവും ഇവർക്ക് ലഭിച്ചതുമില്ല.
അതിഥി തൊഴിലാളികളുടെ ഇത്തരം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെയാണ്. സ്ത്രീ ആയതുകൊണ്ടും തുച്ഛമായ വരുമാനം മാത്രമാണ് ഇവർക്ക് ലഭിച്ചിരുന്നത് എന്നതുകൊണ്ടും കൊവിഡ് കാലത്ത് അവർ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. അതിഥി തൊഴിലാളികളിൽ ഭിന്നശേഷിക്കാരായ സ്ത്രീകൾ കൂടുതലും നെെപുണ്യം ആവശ്യമില്ലാത്ത അല്ലെങ്കിൽ അർദ്ധ നെെപുണ്യം മാത്രം ആവശ്യമുള്ള ജോലികൾ ചെയ്താണ് ജീവിച്ചുപോന്നിരുന്നത്. ഗ്രാമീണ മേഖലകളിലേക്ക് കുടുംബമായി കൂടിയേറുന്ന ഇവർ ഫാക്ടറികളിലും മറ്റും ജോലി ചെയ്താണ് വരുമാനം കണ്ടെത്തിയിരുന്നത്. അതിഥി തൊഴിലാളികളായ ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന 78 ശതമാനം സ്ത്രീകളും നഗരങ്ങളിലുള്ള 59 ശതമാനം സ്ത്രീകളും നെെപുണ്യം ആവശ്യമില്ലാത്ത തൊഴിലുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. 16 മുതൽ 18 ശതമാനം സ്ത്രീകൾ മാത്രമാണ് ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ ചെയ്തുവരുന്നത്.
അതിഥി തൊഴിലാളികളായ സ്ത്രീകളുടെ ഇടയിൽ ആത്മഹത്യകൾ വർധിച്ചുവരികയാണെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫാക്ടറികളിലും വീടുകളിലുമൊക്കെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഒപ്പം തന്നെ സ്വന്തം കുടുംബത്തെ ജോലികൾ കൂടി ചെയ്യേണ്ടിവരുന്നത് അധിക ഭാരമായി മാറുകയാണ്. അതിഥി തൊഴിലാളികളായ വലിയൊരു വിഭാഗം കുടുംബങ്ങൾക്കും ആഹാരവും ആവശ്യമായ ചികിത്സാ സൌകര്യങ്ങളും ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. സാനിറ്ററി ഉൽപ്പന്നങ്ങൾ ഒരു ആവശ്യവസ്തുവായി കണക്കാക്കാത്തതിൽ ഇവരുടെ ആർത്തവ ആരോഗ്യവും ശുചിത്വവുമെല്ലാം അവഗണിക്കപ്പെട്ടിരുന്നു. രോഡരികിൽ സ്വന്തം കുഞ്ഞിന് ജന്മം നൽകേണ്ടി വന്ന സ്ത്രീകളും ആർത്തവ സമയങ്ങളിൽ തുണിയും ചാരവും ഉപയോഗിക്കേണ്ടി വന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. പോഷകാഹാര കുറവും നിർജ്ജലീകരണമുള്ള സമയത്ത് കുഞ്ഞിന് ജന്മം നൽകേണ്ടിവരുന്നതിൽ ഉണ്ടാവാൻ പോകുന്ന അപകട സാധ്യത വളരെ വലുതാണ്. ഇവർക്ക് ആവശ്യമായത് ലഭ്യമാക്കുന്നതിൽ മാതൃത്വ അനുകൂല്യ ഭേദഗതി നിയമവും പരാജയപ്പെട്ടു.
ലോക്ക് ഡൌണിൻ്റെ ആഘാതങ്ങൾ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കേണ്ടി വന്നവർ അതിഥി തൊഴിലാളികളിലെ ഭിന്നശേഷിക്കാരായ സ്ത്രീകളാണ്. കുടിയേറ്റ പ്രതിസന്ധി കൂടാതെ സ്ത്രീകൾ ഏറ്റവും കുടുതൽ ഇരയാക്കപ്പെട്ടത് ഗാർഹിക പീഡനത്തിലൂടെയായിരുന്നു. ലെെംഗിക അതിക്രമത്തിൻ്റെ അദൃശ്യ ഇരകളെന്നാണ് ഗാർഹിക പീഡനത്തിന് ഇരയായവരെ ഹ്യൂമൻ റെറ്റ്സ് വാച്ച് വിശേഷിപ്പിച്ചിരുന്നത്. സ്ത്രീകൾക്ക് സ്വന്തമായി വരുമാനമില്ലാത്തതും സാമൂഹിക ഒറ്റപ്പെടലും ഭയന്ന് ഗാർഹിക പീഡനങ്ങൾ പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയി. ആരോഗ്യ വകുപ്പിൻ്റെ ഭിന്നശേഷിക്കാർക്കായുള്ള മാർഗ്ഗനിർദേശങ്ങൾ പ്രകാരം ഭിന്നശേഷിക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണമെന്നാണ്. പക്ഷെ ദിനം പ്രതി ഇർക്കെതിരായ അക്രമവും ഗാർഹിക പീഡനവും കൂടി വരികയാണ്. സമൂഹത്തിനും കുടുംബത്തിനും ഭാരമായി മുദ്ര കുത്തുന്ന രീതിയാണ് നിലവിലുള്ളത്.
ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ചുമലിൽ വെച്ചുകൊണ്ട് കാൽനടയായി പോകുന്ന അതിഥി തൊഴിലാളികളുടെ ചിത്രങ്ങൾ ലോക്ക് ഡൌൺ സമയത്ത് ഒരുപാട് കണ്ടതാണ്. മറ്റൊരാളുടെ സഹായത്തോടെ മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് അതിഥി തൊഴിലാളികൾ ഇന്ത്യയിലുണ്ട്. നിലവിലെ അവസ്ഥയിൽ കൊവിഡ് പടരാനുള്ള സാഹചര്യവും ഇവരുടെ ഇടയിൽ വർധിച്ചുവരികയാണ്. കാഴ്ചയില്ലാത്ത സ്പർശനത്തിലൂടെ മാത്രം കാര്യങ്ങൾ തിരിച്ചറിയുന്ന ഭിന്നശേഷിക്കാരായ ആളുകൾക്ക് വെെറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഭിന്നശേഷിക്കാരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ അപര്യാപ്തമായതിനാൽ തന്നെ മാധ്യമങ്ങൾ പോലും ഈ വിഷയത്തിന് മതിയായ പ്രാധാന്യം നൽകുന്നില്ല.
ഇവരുടെ വളരെ സങ്കീർണമായ ഇൻറർസെക്ഷണൽ ഐഡൻ്റിറ്റിയും ഇവരോടുള്ള സമൂഹത്തിൻ്റെ അവജ്ഞതയും ഇവരെ ശാക്തികരിക്കുന്നതിൽ നിന്നും സ്വതന്ത്രരാക്കുന്നതിൽ നിന്നും തടയുകയാണ് ചെയ്യുന്നത്. ഭിന്നശേഷിക്കാരായവരെ ഉൾപ്പെടുത്തികൊണ്ട് സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും അത് എല്ലാവരിലേക്കും നടപ്പാക്കാനുള്ള പ്രവർത്തനങ്ങളും ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതാണ്. പ്രദേശിക തലത്തിൽ തൊഴിലുകൾ നൽകികൊണ്ട് അതിഥി തൊഴിലാളികളായ സ്ത്രീകൾക്ക് ഒരു സാമ്പത്തിക ഭദ്രത ഉറപ്പാക്കിയിരിക്കണം.
content highlights: Women Migrant Workers With Disabilities Grapple With the Pandemic