കൊവിഡ് കേസുകള്‍ ഉയരുന്നു; പരിശോധന ഇരട്ടിയാക്കാന്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഒരു കാലയളവിന് ശേഷം കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കെജ്‌രിവാള്‍ സര്‍ക്കാര്‍. ആദ്യ ഘട്ടത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന സംസ്ഥാനം പിന്നീട് പ്ലാസ്മ ചികിത്സയും ക്വാറന്റൈനും വര്‍ദ്ധിപ്പിച്ച് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 1,500ന് മുകളില്‍ ദിനംപ്രതിയുള്ള കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പരിശോധനയുടെ എണ്ണവും സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്ത് 90% മുകളില്‍ രോഗമുക്തി നിരക്കുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 17 മുതല്‍ 1200-1400 കണക്കിലിയായിരുന്നു ദിനംപ്രതിയുള്ള കൊവിഡ് കേസുകളെന്നും എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ 1500 കടന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് കെജ്‌രിവാള്‍ ചൂണ്ടികാട്ടി. ദിനംപ്രതി 40,000 കൊവിഡ് ടെസ്റ്റുകള്‍ എന്ന രീതി ഒരാഴ്ച്ചത്തേക്ക് തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.

രോഗലക്ഷണം കണ്ടിട്ടും പരിശോധനക്ക് വിധേയരാകാത്തവരില്‍ നിന്ന് കൂടുതല്‍ കൊവിഡ് രോഗികള്‍ ഉണ്ടാകുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ലക്ഷണങ്ങളുണ്ടെങ്കില്‍ കൃത്യമായ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

മരണനിരക്ക് 1.4 ശതമാനമായി കുറഞ്ഞതായും രോഗമുക്തി നിരക്ക് വര്‍ദ്ധിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 14,000 കിടക്കകളില്‍ പതിനായിരത്തിലധികം കിടക്കകള്‍ ശൂന്യമായി കിടക്കുകയാണെന്നും നിലവില്‍ 2,900 ഡല്‍ഹി സ്വദേശികള്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ഡല്‍ഹിക്ക് പുറത്തുനിന്നുള്ള 800 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

Content Highlight: CM Arvind Kejriwal vows to double testing as coronavirus spike raises alarm in Delhi