ശുചിമുറിയിലൂടെയും വൈറസ് പടർന്നേക്കാം; ചൈനയിൽ ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ വൈറസ് സാന്നിധ്യം

Covid 19 spread through Toilets, new study report

ചൈനയിലെ ഗ്വാങ്ഷോവിലെ ഉപയോഗിക്കാത്ത അപ്പാർട്ട്മെന്റിൽ കൊറോണ വൈറസിന്റെ സാന്നിധ്യം. വൈറസ് ഓവുചാൽ പൈപ്പിലൂടെ വ്യാപിച്ചേക്കാമെന്നാണ് പുതിയ റിപ്പോർട്ട്. എൻവയോൺമെന്റൽ ഇന്റർനാഷ്ണൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ വളരെ കാലം ഒഴിഞ്ഞു കിടന്ന അപ്പാർട്മെന്റിലെ സിങ്കിലും ഷവർ പിടിയിലും ഫെബ്രുവരിയിൽ സാർസ് കോവ് 2 സാന്നിധ്യം കണ്ടെത്തിയതായി ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവിഷനിലെ ഗവേഷകർ വ്യക്തമാക്കി.

കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേർ താമസിച്ച അപ്പാർട്മെന്റിലെ മുകളിലുള്ള അടഞ്ഞു കിടന്ന അപ്പാർട്മെന്റിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ടോയ്ലറ്റ് ഫ്ലഷ് ചെയ്യുമ്പോൾ സൃഷ്ടിക്കുന്ന ചെറിയ എയർബോൺ കണികകളിലൂടെ പൈപ്പുകൾ വഴി വൈറസ് വ്യാപനം ഉണ്ടാകുമോ എന്നറിയുന്നതിനായി ശാസ്ത്രജ്ഞർ ഓൺ സെറ്റ് ട്രേസർ സിമുലേഷൻ പരീക്ഷണം നടത്തിയിരുന്നു. ഓരോ നിലകളിലും രണ്ടു കേസുകളാണ് ഫെബ്രുവരി ആദ്യം ഇത്തരത്തിൽ സ്ഥിരീകരിച്ചത്.

തുമ്മുമ്പോഴോ ചുമക്കുമ്പോഴോ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെയാണ് സാർസ് കോവ് പ്രധാനമായും പകരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്. എന്നാൽ വിസർജ്യത്തിലൂടെയും വൈറസ് വ്യാപമുണ്ടായേക്കാമെന്ന് കൊവിഡ് റിപ്പോർട്ട് ചെയ്ത ആദ്യ ആഴ്ചകളിൽ തന്നെ ചൈനീസ് ശാസ്ത്രജ്ഞർ അഭിപ്രായപെട്ടിരുന്നു. ഗ്വാങ്ഡോങ് പ്രവിശ്യയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 73 രോഗികളിൽ പകുതിയിലേറെ ആളുകളുടെ വിസർജ്യത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

Content Highlights; Covid 19 spread through Toilets, new study report