ജെഇഇ നീറ്റ് പരീക്ഷകൾ നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ്

congress against jee and neet exam

ജെഇഇ നീറ്റ് പരീക്ഷകൾ നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് വേണം പരീക്ഷകൾ നടത്തേണ്ടതെന്ന് കോൺഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും അഭിപ്രായപെട്ടു. കേന്ദ്ര സർക്കാരിന്റെ പരാജയങ്ങൾക്കനുസരിച്ച് നീറ്റ് ജെഇഇ പരീക്ഷാർത്ഥികളുടെ സുരക്ഷയിൽ വീട്ടു വീഴ്ച ചെയ്യാൻ പാടില്ലെന്നും സർക്കാർ എല്ലാവരോടും സംസാരിക്കുകയും ഒരു സമവായത്തിലെത്തുകയും വേണമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു.

ആശങ്കയായി നിൽക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കൊപ്പം നിങ്ങളുടെ ശബ്ദമുയർത്തണമെന്നും വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെല്ലാം സർക്കാർ പരിഗണനയിലെടുക്കണമെന്നും രാഹുൽ പറഞ്ഞു. കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികളേയും മാതാപിതാക്കളേയും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്നും, ഈ കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. അതു കൊണ്ടു തന്നെ വിദ്യാർത്ഥികളുടെ ആശങ്ക ധാർഷ്ട്യത്തോടേയും രാഷ്ട്രീയ പരമായും അല്ല നേരിടേണ്ടതെന്നും പ്രിയങ്കഗാന്ധി വ്യക്തമാക്കി. പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരെയാണ് ഇന്ന് ഡല്‍ഹിയില്‍ അറസ്റ്റു ചെയ്തത്.

Content Highlights; congress against jee and neet exam