കോൺഗ്രസ് പാർട്ടിയിൽ ഒരു തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അടുത്ത അമ്പത് വർഷത്തേക്ക് പ്രതിപക്ഷത്ത് ഇരിക്കാനാകും കോൺഗ്രസിൻ്റെ വിധിയെന്ന് മുതിർന്ന നേതാവ് കപിൽ സിബൽ. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് പാർട്ടി താഴ്ചയിലേക്ക് കൂപ്പുകുത്തുകയാണ്. പാർട്ടിയിൽ ഒരു മുഴുവൻ സമയ നേതൃത്വം ആവശ്യമായി വന്നിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്ത് വായിക്കാൻ ജനങ്ങൾക്ക് അവസരം കിട്ടിയാൽ ഗാന്ധി കുടുംബത്തെ അപമാനിക്കുകയല്ല അതിലൂടെ ചെയ്തതെന്ന് ജനങ്ങൾക്ക് മനസിലാകും. ഇതുവരെ കോൺഗ്രസ് നൽകിയ എല്ലാ സേവനങ്ങളേയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. അടുത്ത 50 വർഷത്തേക്ക് പ്രതിപക്ഷത്ത് തന്നെയാണ് ഇരിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നതെങ്കിൽ തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഇന്ത്യൻ റിപ്പബ്ലിക്ക് കെട്ടിപ്പടുത്ത അടിത്തറയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സർക്കാരിനെ എതിർക്കാൻ കോൺഗ്രസ് വളരെ ശക്തമായി പ്രവർത്തിക്കേണ്ടതുണ്ട്. പാർട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശമെന്നും പാർട്ടി പരിഷ്കാരങ്ങളിൽ പങ്കാളികളാകുമെന്നും കപിൽ സിബൽ വ്യക്തമാക്കി. അതേസമയം കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളായ ഗുലാം നബി അസാദിനേയും ആനന്ദ് ശർമയേയും പാർട്ടിൽ നിന്ന് അവഗണിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
content highlights: Congress at Historic Low, Will be in Opposition for 50 Years: Kapil Sibal, Azad Double Down on ‘Dissent’