നീറ്റ്-ജെഇഇ: കൊവിഡ് പശ്ചാത്തലത്തിലെ ആദ്യ പരീക്ഷക്ക് ഒരുങ്ങി കേന്ദ്രം; അധിക ചെലവ് 13 കോടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിടയില്‍ നടത്തുന്ന ആദ്യ പരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷ ബഹളങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് നീറ്റ്-ജെഇഇ പ്രവേശന പരീക്ഷകള്‍ പ്രഖ്യാപിച്ച തിയതിയില്‍ തന്നെ നടത്താനുള്ള കേന്ദത്തിന്റെ നീക്കം. കൊവിഡ് പശ്ചാത്തലമായതിനാല്‍ ഒരുക്കങ്ങള്‍ക്കായി 13 കോടി രൂപയുടെ അധിക ചെലവ് വന്നതായാണ് റിപ്പോര്‍ട്ട്.

രണ്ട് പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്‌ക്, 10 ലക്ഷം ജോഡി ഗ്ലൗസുകള്‍, 6600 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസര്‍, 1300 ല്‍ അധികം തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവയും സജ്ജമാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3300 തൊഴിലാളികളെയാണ് നിയമിക്കുന്നത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്താനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ 7 സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിജെപിയിതര മുഖ്യമന്ത്രിമാര്‍. അതേസമയം, പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സമ്മര്‍ദ്ദം മൂലമാണന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രയും പ്രതികരിച്ചിരുന്നു. കൂടാതെ, 150ഓളം അധ്യാപകര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് പരീക്ഷ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കത്തും നല്‍കിയിരുന്നു.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് ജെ.ഇ.ഇ പരീക്ഷ. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ.

Content Highlight: Precautions completed to conduct NEET-JEE exams