അണ്‍ലോക്ക് 4.0: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല; 100 പേരുള്ള പൊതുപരിപാടികള്‍ക്കും അനുമതി

ന്യൂഡല്‍ഹി: നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള ഇളവുകള്‍ നല്‍കുന്ന നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സെപ്തംബര്‍ 30 വരെയുള്ള ചട്ടങ്ങളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്‍കി.

21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്. അതേസമയം സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുതന്നെ കിടക്കും. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടെയിന്‍മെന്റിന് പുറത്തുള്ള അവരുടെ സ്‌കൂളുകളില്‍ അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് പോകാം.

ഓണ്‍ലൈന്‍ അധ്യാപനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 50 ശതമാനം അധ്യാപക, അനധ്യാപക ജീവനക്കാര്‍ വിദ്യാലയങ്ങളില്‍ ഹാജരാകാം. സെപ്തംബര്‍ 21 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് ഇത് ബാധകം. സിനിമാ തിയേറ്ററുകളും സ്വിമ്മിങ് പൂളുകളും തുറക്കില്ല. എന്നാല്‍ ഓപ്പണ്‍ എയര്‍ തിയേറ്ററുകള്‍ സെപ്തംബര്‍ 21 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. സെപ്റ്റംബര്‍ 30 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ യാതൊരു ഇളവുകളും ബാധകമല്ല. കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.

Content Highlight: Unlock 4, Lock down extends till September 30 in Containment Zones