ലോക്ഡൌണിനെത്തുടര്‍ന്ന് നിശ്ചലമായ കൊച്ചി മെട്രോ സര്‍വീസ് സെപ്തംബര്‍ ഏഴിന് പുനരാരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചായിരിക്കും സര്‍വീസ് നടത്തുകയെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. ഇതിനായി പുതിയ മാർഗ നിർദേശങ്ങൾ തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പരമാവധി 350 പേർക്ക് മാത്രമേ ഒരു സമയം യാത്ര ചെയ്യാൻ സാധ്യമാവുകയുള്ളു. മാർഗനിർദേശം പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള കേന്ദ്ര നഗര വികസന മന്ത്രാലയത്തിൻ്റെ യോഗം ചൊവ്വാഴ്ച ദില്ലിയിൽ നടക്കും.
വരുന്ന ഏഴു മുതൽ ഘട്ടം ഘട്ടമായി സർവ്വീസ് തുടങ്ങാനാണ് തീരുമാനം. വിമാനത്താവളങ്ങളുടെ മാതൃകയിലാകും മെട്രോ സ്റ്റേഷനുകളിലെയും പരിശോധന. ആരോഗ്യ സേതു ആപ്പ് നിർബന്ധമാക്കും. ശരീരോഷ്മാവ് പരിശോധിച്ച് മാത്രമേ പ്രവേശനം അനുവദിക്കു. ലഗേജുകൾ അണു വിമുക്തമാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. ടോക്കണ് പകരം സ്മാർട്ട് കാർഡ് ഉപയോഗിച്ചായിരിക്കും യാത്ര അനുവദിക്കുക. നിശ്ചിത അകലം ഉറപ്പാക്കുന്ന മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് ശരീര പരിശോധന നിർബന്ധമാക്കും. പ്ലാറ്റ് ഫോമിൽ നിശ്ചിത അകലം പാലിക്കുന്നതിനായി ചുവന്ന വൃത്തങ്ങൾ വരയ്ക്കുകയും കൃത്യമായ ഇടവേളകളിൽ ബോധവത്കരണ അനൌൺസ്മെന്റുകളും ഉണ്ടാകും.
ട്രെയിനിനുള്ളിലെ താപനില 26 ഡിഗ്രി സെൽഷ്യസ് ആയി ക്രമീകരിക്കും. ഒന്നിടവിട്ടുള്ള സീറ്റുകൾ ഒഴിച്ചിടണം. ആദ്യഘട്ടത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കായിരിക്കും മുൻഗണനയെന്നാണ് ദില്ലി സർക്കാർ വ്യക്തമാക്കിയത്. അന്തിമ മാർഗ നിർദേശം ശനിയാഴ്ച പുറത്തിറങ്ങും. ചൊവ്വാഴ്ച കേന്ദ്ര വികസന മന്ത്രാലയം വിളിച്ചു ചേർത്ത യോഗത്തിൽ മെട്രോ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർമാരും പങ്കെടുക്കും
Content Highlights; metro rail service start to be soon