ഫൈസല്‍ വധശ്രമത്തില്‍ ഇടപെട്ടിട്ടില്ല; ആരോപണങ്ങളെ തള്ളി അടൂര്‍ പ്രകാശ്

പത്തനംതിട്ട: ഫൈസല്‍ വധശ്രമക്കേസില്‍ തനിക്കെതിരായ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. പലരും പല ആവശ്യങ്ങള്‍ക്കായി തന്നെ വിളിച്ചിട്ടുണ്ടെന്നും ന്യായമായ കാര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, ഫൈസല്‍ വധശ്രമവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഫൈസല്‍ വധശ്രമക്കേസില്‍ അടൂര്‍ പ്രകാശിനെതിരെ ഡി.വൈ.എഫ്.ഐ. ശബ്ദരേഖ പുറത്തുവിട്ടിരുന്നു. ഫൈസല്‍ വധശ്രമക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചതിന് തെളിവായാണ് ഓഡിയോ പുറത്തുവിട്ടത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലക്കേസ് പ്രതി ഷജിത്തിന്റേതാണ് ശബ്ദരേഖ. ഇതിനോട് പ്രതികരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്.

ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് സത്യം പുറത്തു വരണമെന്നും കൂട്ടിചേര്‍ത്തു. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരാണ് സംസ്ഥാന പൊലീസിനെയും നിയന്ത്രിക്കുന്നത്. അതിനാല്‍, സത്യം പുറത്ത് വരണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

Content Highlight: Adoor Prakash replied to scandal