കൊവിഡ്; പാർലമെൻ്റിൽ ചോദ്യോത്തര വേള റദ്ദ് ചെയ്ത് കേന്ദ്ര സർക്കാർ, പ്രതിഷേധിച്ച് പ്രതിപക്ഷം

Anger Over Government's 'No Question Hour' Move For Parliament Session

സെപ്റ്റംബർ 14ന് തുടങ്ങാനിരിക്കുന്ന പാർലമെൻ്റിലെ വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തര വേള ഒഴിവാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തെ തുടർന്നാണ് പാർലമെൻ്റ് സമ്മേളനത്തിൽ നിന്ന് കേന്ദ്ര സർക്കാർ ചോദ്യോത്തര വേള ഒഴിവാക്കുന്നത്. പാർലമെൻ്റ് സമ്മേളനത്തിലെ ആദ്യ ഒരു മണിക്കൂർ എം.പിമാർക്ക് ചോദ്യങ്ങൾ ചോദിക്കാനുളള സമയമാണ്. ഇതാണ് കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. ഇതിന് പുറമെ പാർലമെൻ്റ് അംഗങ്ങൾക്ക് സുപ്രധാന ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരമായ സീറോ അവർ അര മണിക്കൂറായി ചുരുക്കിയിട്ടുണ്ട്. 

ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നിട്ടുണ്ട്. മഹാമാരിയുടെ മറവിൽ ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് തൃണമൂൽ കോൺഗ്രസ് രാജ്യസംഭാംഗം ഡെറിക് ഒ ബ്രിയൺ പ്രതികരിച്ചു. പാർലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് 15 ദിവസങ്ങൾക്ക് മുമ്പ് തന്നെ എം.പിമാർ ചോദ്യങ്ങൾ സമർപ്പിക്കുന്നതാണ്. പതിനാലാം തീയതി പാർലമെൻ്റ് സമ്മേളിക്കാനിരിക്കെയാണ് ചോദ്യോത്തര വേള റദ്ദ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെ ചോദ്യം ചെയ്യുന്നത് പാർലമെൻ്ററി ജനാധിപത്യ സംവിധാനത്തിൻ്റെ ജീവവായുവാണെന്ന് ശശി തരൂർ എം.പിയും പ്രതികരിച്ചു. 

content highlights: Anger Over Government’s ‘No Question Hour’ Move For Parliament Session