ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഏറ്റവും അടുത്ത വിശ്വസ്ത വി.കെ ശശികലയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതായി ആദായ നികുതി വകുപ്പ്. ഇവര്‍ ഉടന്‍ തന്നെ ജയില്‍ മോചിതയാകാനുള്ള സാധ്യത കണക്കിലെടുത്താണ് 360 കോടി രൂപ ആസ്തിയുള്ള സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള തീരുമാനം.
വേദ നിലയത്തിന് സമീപം ശശികല പണിയുന്ന ബംഗ്ലാവ് ഉള്‍പ്പെടെ 200 ഏക്കറോളം ഭൂമിയും അടങ്ങുന്ന 65 ആസ്തികളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നത്. എന്നാല്‍, പെട്ടെന്നുള്ള നടപടി ശശികലയുടെ രാഷ്ട്രീയ പ്രവേശനം ഭയക്കുന്ന ഒ.പി.എസ്, ഇ.പി.എസ് വിഭാഗങ്ങളുടെ നേതൃത്വത്തിലാണെന്നാണ് മന്നാഡിയാര്‍ കുടുംബത്തിന്റെ ആരോപണം. ഇത് സംബന്ധിച്ച് കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം.
വേദനിലയം സര്‍ക്കാര്‍ ഏറ്റെടുത്തതോടെ പോയസ് ഗാര്‍ഡനിലെ പുതിയ ബംഗ്ലാവില്‍ ജയില്‍ മോചനത്തിന് ശേഷം താമസിക്കാനായിരുന്നു ശശികലയുടെ നീക്കം. ഒട്ടേറെ പേരുടെ പേരില്‍ ബിനാമി ഇടപാടുകള്‍ ശശികല നടത്തിയിട്ടുണ്ട്. ജയിലില്‍ കഴിഞ്ഞപ്പോഴും നോട്ട് നിരോധന സമയത്ത് 1600 കോടിയോളം രൂപയുടെ അനധികൃത ഇടപാട് ശശികല നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Content Highlight: 300 Crore worth Properties of V.K Sasikala seized by income tax department