വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും; വഴി നീളെ സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

Sasikala jail release

അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും. കോവിഡ് ചികിത്സയും തുടര്‍ നിരീക്ഷണവും പൂര്‍ത്തിയാക്കിയ ശശികല രാവിലെ ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് തിരിയ്ക്കും. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ശശികലയെ സ്വീകരിക്കാന്‍ ബംഗളൂരുവില്‍ എത്തിയിട്ടുള്ളത്.

അതിനിടെ ശശികലയും ദിനകരനും തമിഴ്നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ ഡിജിപിക്ക് പരാതി നല്‍കി. ചെന്നൈ പോരൂര്‍ മുതല്‍ മറീന ബീച്ച് വരെ ശശികലയെ സ്വീകരിച്ച് റാലി നടത്താന്‍ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് പോരൂരിലെ എം.ജി.ആറിന്റെ വീടിന് സമീപത്ത് കൊടിമരത്തില്‍ അണ്ണാ ഡി.എംകെ കൊടി ഉയര്‍ത്താനാണ് ശശികലയുടെ ആലോചന. ഇതിന് ശേഷം റാലിയായി മറീനാ കടല്‍ക്കരയിലെ ജയലളിത സമാധിയിലെത്തും.

Content Highlight: V K Shashikala reach Chennai today