മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ വ്യാജ ഒപ്പിടുന്നവർ ഉണ്ടെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് അദ്ദേഹത്തിൻ്റ ഓഫീസിൽ നിന്നും ഇട്ടു എന്ന് സന്ദീപ് വാര്യർ ആരോപിക്കുന്നു.
2018 സെപ്റ്റംബർ രണ്ടാം തീയതിയാണ് ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. തിരിച്ച് വന്നത് സെപ്റ്റംബർ 23നാണ്. മലയാള ഭാഷ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണ വിഭാഗത്തിൽ നിന്നുള്ള ഒരു ഫയൽ സെപ്റ്റംബർ 3ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുന്നു. സെപ്റ്റംബർ 9ന് മുഖ്യമന്ത്രി ഈ ഫയലിൽ ഒപ്പ് വെച്ചിട്ടുണ്ട്. മുഖ്യമന്ത്രി മയോ ക്ലിനിക്കിൽ ചികിത്സയിൽ കഴിയുന്ന സമയത്താണ് ഒപ്പ് വെച്ചിരിക്കുന്നത്. ഇത് ഡിജിറ്റർ സിഗ്നേച്ചറല്ല. സന്ദീപ് വാര്യർ ആരോപിക്കുന്നു.
ഈ ഫയലിൽ ഒപ്പുവെച്ചത് ശിവശങ്കറോ സ്വപ്ന സുരേഷോ ആണോ എന്നും ഓഫീസിൽ കള്ളയൊപ്പിടാൻ ഒരാളെ പാർട്ടിയറിഞ്ഞ് നിയോഗിച്ചിട്ടുണ്ടോ എന്നും ഒപ്പിടാൻ വേണ്ടി ഏതെങ്കിലും കൺസൾട്ടൻസിക്ക് കരാർ കൊടുത്തിട്ടുണ്ടോയെന്നും സന്ദീപ് വാര്യർ ചോദിച്ചു. കെ. കരുണാകരൻ്റെ കാലത്ത് മുഖ്യമന്ത്രിയുടെ അറിവോട് കൂടി എന്നെഴുതി ചീഫ് സെക്രട്ടറിയാണ് ഫയലുകളിൽ ഒപ്പുവെച്ചിരുന്നതെന്നും അതാണ് കീഴ് വഴക്കമെന്നും സന്ദീപ് വാര്യർ പറഞ്ഞു. കഴിഞ്ഞ നാലര വർഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു പോയ ഫയലുകൾ മുഴുവൻ പരിശോധിക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
content highlights: sandeep warrier allegation against Kerala Chief minister