അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം ശക്തമാകാൻ സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

health minister warns about strong spread of covid 19

ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനത്തിനു സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മുന്നറിയിപ്പ് നൽകി. ഇന്ന് പുറത്തു വിട്ട വാർത്താ കുറിപ്പിലാണ് ഈ കാര്യം ആരോഗ്യ മന്ത്രി അറിയിച്ചത്. ചെറിയ രോഗ ലക്ഷണങ്ങളുണ്ടായാൽ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും അടുത്ത രണ്ടാഴ്ച രോഗ വ്യാപനം കൂടാൻ സാധ്യതയുണ്ടെന്നും ഒക്ടോബറിൽ രോഗവ്യാപനം അതി തീവ്രമാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ഓണക്കാലത്ത് കടകളിലും മറ്റും പതിവിൽ കവിഞ്ഞ് തിരക്കുണ്ടാവുകയും പലരും കുടുംബത്തിൽ ഒത്തു കൂടുകയും ചെയ്തതിനാൽ രോഗ പകർച്ചയ്ക്ക് സാധ്യതയുണ്ട്. വീട്ടിൽ ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാസ്ക് ധരിക്കണമെന്നും കൊറോണ എന്ന മഹാമാരി ശക്തിയായി നമുക്കിടയിൽ തന്നെ ഉണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. അൺലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇളവുകൾ ആഘോഷമാക്കുകയല്ല വേണ്ടത്, രോഗം പിടിപെടാൻ ചെറിയ അശ്രദ്ധ മാത്രം മതി, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights; health minister warns about strong spread of covid 19