തൊഴിലില്ലായ്മ: തൊഴിലുറപ്പ് പദ്ധതിയില്‍ ഇത്തവണ അംഗങ്ങളായത് ഇരട്ടി ആളുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂലമുള്ള ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒട്ടേറെയാളുകള്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. ഐ.ടി മേഖലകള്‍ പ്രതിസന്ധിയിലായതോടെ ദേശീയ ഗ്രമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഇരട്ടിയാളുകള്‍ അംഗങ്ങളായെന്നാണ് കണക്ക്. 28.32% വര്‍ധനവാണ് പുതിയതായി തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം രേഖപ്പെടുത്തിയത്.

ഇതിലേറ്റവും കൂടുതല്‍ ആളുകളുള്ളത് ഉത്തര്‍ പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. 173 ശതമാനം വര്‍ധനവാണ് ഉത്തര്‍ പ്രദേശില്‍ മാത്രം രേകപ്പെടുത്തിയിട്ടുള്ളത്.

ഏപ്രില്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 3 വരെ 83 ലക്ഷം പേര്‍ പദ്ധതിയില്‍ പുതുതായി പേര് ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം അംഗങ്ങളായവരേക്കാള്‍ 17 ലക്ഷത്തിലധികം വര്‍ദ്ധനവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ അംഗങ്ങളായത് 64.70 ലക്ഷം പേരായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തെ അഞ്ച് മാസത്തെ കണക്ക് പുറത്തുവന്നപ്പോള്‍ പുതിയ അംഗങ്ങളുടെ എണ്ണം അതിലും കൂടുതല്‍. 83.02 ലക്ഷം പേര്‍. അതായത് 28.32% വര്‍ധന രേഖപ്പെടുത്തി.

അടച്ചുപൂട്ടലിനെ തുടര്‍ന്നുണ്ടായ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ അടിയന്തര ഇടപെടലുണ്ടാവണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അതേസമയം വ്യാജ സര്‍ടിഫിക്കറ്റുകളാണെന്ന് ആരോപിച്ചും താമസം മാറിയതിന്റ പേരിലുമായി 13 ലക്ഷത്തിലധികം പേരുടെ അംഗത്വം ഈ സാമ്പത്തിക വര്‍ഷം റദ്ദാക്കുകയും ചെയ്തു.

Content Highlight: Number of persons engaged in MGNREG Program amid Covid doubled