കൊവിഡ് വ്യാപനം: ലാപ്‌ടോപ്പിനായി പരക്കം പാഞ്ഞ് അമേരിക്കക്കാര്‍

വാഷിങ്ടണ്‍: ലോകമാസകലം കൊവിഡ് വ്യാപനം രൂക്ഷമായതോടെ പഠനവും തൊഴിലുമെല്ലാം ഓണ്‍ലൈനാണ്. എന്നാല്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കണമെങ്കില്‍ ഏറ്റവും അത്യാവശ്യം ഒരു ലാപ്‌ടോപ്പാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അത് തന്നെയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കടക്കം ലാപ്‌ടോപ്പിനായി പരക്കം പായുകയാണ് അമേരിക്കക്കാര്‍.

എല്ലാവര്‍ക്കും ഉപകരണങ്ങള്‍ ലഭ്യമായെങ്കില്‍ മാത്രമേ ഒണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കൂ എന്നതു കൊണ്ട് തന്നെ പല വിദ്യാലയങ്ങളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. മിക്ക കമ്പനികളും വര്‍ക്ക് ഫ്രം ഹോം സംവിധാനം കൂടി ആരംഭിച്ചതോടെ വന്‍ തോതിലുള്ള ഓര്‍ഡറുകളാണ് മിക്ക കമ്പനികള്‍ക്കും ലാപ്‌ടോപ് ഇനത്തില്‍ ലഭിച്ചത്. പഴയ ലാപ്‌ടോപ്പുകള്‍ നന്നാക്കി ഉപയോഗിക്കാനുള്ള ശ്രമവും പലരും നടത്തുന്നുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായി തുടങ്ങിയ ആദ്യ ഘട്ടത്തില്‍ ആളുകള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയതോടെ അമേരിക്കയില്‍ ആദ്യം ടോയിലറ്റ് പേപ്പറുകള്‍ക്ക് വന്‍ ക്ഷാമം നേരിട്ടിരുന്നു. തുടര്‍ന്ന് ഭക്ഷണ നിര്‍മാണത്തിനുപയോഗിക്കുന്ന യീസ്റ്റും കിട്ടാതായി. അതിലും വലിയ പ്രതിസന്ധിയാണ് ലാപ്‌ടോപ്പുകളുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: America in search of laptops amid Covid 19