ഡോക്ടറുടെ കുറിപ്പടിയില്ലാതെ വ്യക്തികൾ ആവശ്യപെടുന്നതിനനുസരിച്ച് എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ ഐസിഎംആർ അനുമതി നൽകി. പുതിയതായി പുറത്തിറക്കിയ മാർഗ നിർദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയുണ്ടായിരുന്ന കൊവിഡ് ടെസ്റ്റിങ് പ്രോട്ടോക്കോളിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്. വിദേശത്തെക്കൊ മറ്റു സംസ്ഥാനങ്ങളിലേക്കൊ പോകുന്നവർ ഇപ്രകാരം കൊവിഡ് ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വേണം പോകാൻ. കൂടാതെ ഓൺ ഡിമാൻ്റ് ടെസ്റ്റുകൾ നടത്തുന്നതുമായി ബന്ധപെട്ട മാർഗ നിർദേശങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് കുടുതൽ തീരുമാനമെടുക്കാമെന്നും ഐസിഎംആർ വ്യക്തമാക്കി.
കൊവിഡ് പരിശോധന ഇല്ലെന്ന കാരണത്താൽ ഗർഭിണികൾക്ക് ആശുപത്രി പ്രവേശനം നിഷേധിക്കരുത്. സാംപിൾ ശേഖരിച്ച് അടുത്ത പരിശോധന കേന്ദ്രത്തിലെത്തിക്കാനുള്ള സൌകര്യമൊരുക്കണം. കൂടാതെ മറ്റ് റാപ്പിഡ് ടെസ്റ്റുകളിൽ നെഗറ്റീവ് ആയാലും പിന്നീട് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരിൽ നിർബന്ധമായും ആർടിപിസിആർ ടെസ്റ്റ് നടത്തണമെന്നും കണ്ടെന്റമെന്റ് സോണിൽ ഉൾപെടുന്ന എല്ലാവർക്കും റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണമെന്നുമാണ് ഐസിഎംആർ നിർദേശം. കണ്ടന്റമെന്റ് സോണുകളിൽ ആന്റിജൻ ടെസ്റ്റുകൾക്കും അല്ലാത്ത പ്രദേശങ്ങളിൽ ആർടിപിസിആർ ടെസ്റ്റുകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്നും ഐസിഎംആർ വ്യക്തമാക്കി.
Content Highlights; ICMR allows testing on demand for Covid-19