ബെംഗളൂരുവിൽ കൊവിഡ് ഭേദമായ 27 കാരിക്ക് ഒരു മാസത്തിനു ശേഷം രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ ഇത് ആദ്യ സംഭവമാണെന്ന് അധികൃതർ അറിയിച്ചു. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങളെ തുടർന്ന് യുവതിക്ക് ജൂലായിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവാകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും യുവതിക്ക് രോഗ ലക്ഷണങ്ങളുണ്ടാകുകയും കൊവിഡ് പരിശോധനയിൽ പോസിറ്റീവായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
ജൂലായ് ആദ്യ വാരത്തിലാണ് യുവതി രോഗ ലക്ഷണങ്ങളോടെ ആദ്യം ആശുപത്രിയിലെത്തിയത്. രോഗമുക്തി നേടിയ ശേഷം ജൂലായ് 24 ന് ഡിസ്ചാർജ് ആകുകയും ചെയ്തു. എന്നാൽ ഓഗസ്റ്റ് അവസാന വാരത്തിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു തവണയും അവർക്ക് രോഗം ഗുരുതരമായിരുന്നില്ലെന്ന് ബെംഗളൂരു ഫോർടിസ് ആശുപത്രിയിലെ ഡോക്ടർ പ്രതിക് പാട്ടീൽ പറഞ്ഞു. അണുബാധയ്ക്കു ശേഷം യുവതിക്ക് പ്രതിരോധ ശേഷി വർധിക്കാത്തതിനാലാകാം ഇങ്ങനെ സംഭവിച്ചതെന്ന് ഡോക്ടർ വ്യക്തമാക്കി.
Content Highlights; Private hospital reports first case of coronavirus reinfection in Bengaluru