കാറിലെ ഒറ്റക്കുള്ള യാത്രയില്‍ മാസ്‌ക് വേണ്ടെന്ന് കേന്ദ്രം, ഉത്തരവ് ലഭിച്ചില്ലെന്ന് പൊലീസ്

കൊവിഡ് നിയന്ത്രണങ്ങള്‍ അണ്‍ലോക്ക് നാലിലേക്ക് എത്തിയതോടെ ഒട്ടേറെ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മാസ്‌ക് ഉപയോഗവും ശരീരിക അകലവും സംബന്ധിച്ച മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റം ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് മാസ്‌ക് ഉപയോഗം സംബന്ധിച്ച് പൊലീസും കേന്ദ്രവും തമ്മില്‍ തര്‍ക്കം മുറുകുന്നത്.

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ ന്യായം. സ്വന്തം വാഹനത്തില്‍ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നതിന് പൊലീസ് പിഴ ചുമത്തുന്നത് തുടര്‍ന്നതോടെയാണ് തര്‍ക്കങ്ങള്‍ക്ക് വഴി വെച്ചത്. പൊതു സ്ഥലത്ത് വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ നടപടിയെടുക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

അതേസമയം, കേന്ദ്രത്തിന്റെ പുതിയ മാനദണ്ഡ പ്രകാരം, കാറില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമില്ല. കൂടാതെ, ഒറ്റയ്ക്ക് വ്യായാമം ചെയ്യുമ്പോഴും സൈക്ലിംഗ് നടത്തുമ്പോഴും മാസ്‌ക് നിര്‍ബന്ധമില്ലെന്നാണ് കേന്ദ്ര നിയമം. മാസ്‌ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാ ബാങ്കും സര്‍ക്കാര്‍ തയാറാക്കുന്നുണ്ട്.

Content Highlight: Central Government Direct That No Need For Mask In Solo Journey