മലയാളത്തിന്റെ നടന യൗവനം, മലയാളത്തിന്റെ അഭിമാനവും അഹങ്കാരവും സമന്വയിക്കുന്ന മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 69-ാം ജന്മദിനം. പ്രായം തളരാത്ത ലുക്കുമായി എന്നും ആരധകരെ ആവേശം കൊള്ളിക്കുന്ന താരത്തിന് പതിവ് തെറ്റിക്കാതെ ജന്മദിന ആശംസകളുമായി നിറയുകയാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപെടെ. ഒരു കൊച്ചു വേഷത്തിലൂടെ വെള്ളിത്തരയിലെത്തി മലയാള സിനിമയുടെ പര്യായമായി മാറിയ മമ്മൂട്ടി കഴിഞ്ഞ നാൽപ്പതു കൊല്ലവും ജീവിച്ചത് വെള്ളിത്തിരയിലാണ്. അഭിനയം കൊണ്ടും, ശബ്ദം കൊണ്ടും സൌന്ദര്യം കൊണ്ടും മറ്റ് ചിലപ്പോൾ വേഷ പകർച്ച കൊണ്ടും അദ്ദേഹം എത്ര തവണയാണ് പ്രക്ഷകരെ ഞെട്ടിച്ചതെന്ന് ഓർത്തെടുക്കാൻ സാധിക്കില്ല. 1971 പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ തുടങ്ങി ന്യൂഡൽഹിയിലൂടെ ഹിറ്റുകളുടെ സഹയാത്രികനായി മാറി.
വെള്ളിത്തരിയിലെ ഭാഗ്യ നക്ഷത്രമായി താരം ഉദിച്ചുയർന്നു. ഇൻസ്പെകർ ലക്ചററും, കളക്ടറും എഴുത്തുകാരനുമൊക്കെയായുള്ള പകർന്നാട്ടം വെള്ളിത്തിരയിൽ നിന്ന് ജനഹൃദയങ്ങളിലേക്ക് ചേക്കേറി. തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്, വാറുണ്ണി, അച്ചൂട്ടി, ഭാസ്കരപ്പട്ടേൽ സേതുരാമയ്യർ തുടങ്ങിയ വേഷ പകർച്ചകളെല്ലാം മലയാളിയുടെ മനസ്സിൽ മമ്മൂട്ടി എന്ന മഹാനടന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുകയായിരുന്നു. വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായരും രാപ്പകലിലെ കൃഷ്ണനും വല്ല്യേട്ടനായ അറക്കൽ മാധവനുണ്ണിയുമെല്ലാം ഓരോ മലയാളിയുടേയും ഹൃദയത്തിലാണ് ഇടം പിടിച്ചത്.
മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും എല്ലാം ആ നടന വിസ്മയത്തെ നാം നേരിട്ടറിയുകയായിരുന്നു. ഈ ലോക്ക്ഡൌൺ കാലത്തും മമ്മൂട്ടി മലയാളത്തിന്റെ വിസ്മയമായി മാറി. മലായാള സിനിമയിൽ 49 വർഷം പൂർത്തിയാക്കിയ പിഎ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു. അഭിനയത്തോടുള്ള അഭിനിവേശമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്ന അദ്ദേഹത്തിന്റെ വാക്കുകൾ സിനിമ സ്വപ്നമായി കാണുന്ന ഓരോ വ്യക്തികൾക്കും പാഠപുസ്തകമാണ്. പ്രായമേറുന്നതിനൊപ്പം സൌന്ദര്യവും കൂടുന്ന മലയാളത്തിന്റെ സ്വകാര്യ അഭിമാനത്തിന് പിറന്നാൾ ആശംസകൾ…..
Content Highlights; mammootty birthday