ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചു; റഷ്യയുടെ കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി

മോസ്‌കോ: ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതോടെ റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ തന്നെ സ്പുട്‌നിക്-V തലസ്ഥാന നഗരിയിലെ ജനങ്ങള്‍ക്കെല്ലാം നല്‍കാന്‍ കഴിയുമെന്ന് മോസ്‌കോ മേയര്‍ അറിയിച്ചു. ജൂണ്‍-ജൂലൈ മാസങ്ങളില്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 76 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ മകള്‍ക്ക് തന്നെ ആദ്യ ഡോസ് നല്‍കിയെന്ന് പുടിന്‍ തന്നെ ഓഗസ്റ്റ് 11ന് വെളിപ്പെടുത്തിയിരുന്നു. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും, റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (RDF) ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.

ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ എല്ലാവരുടെയും ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാതിരുന്നതും ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. രണ്ടാംഘട്ടത്തിലും 42 പേരില്‍ നടത്തിയ പരീക്ഷണത്തില്‍ പാര്‍ശ്വഫലങ്ങളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല.

അതേസമയം, വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ റെഗുലേറ്റിംഗ് അതോറിറ്റിയുടെ അനുമതി വാങ്ങിയ ശേഷമാകും മൂന്നാം ഘട്ട പരീക്ഷണം ഇവിടെ നടത്തുക. കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി.ബി വെങ്കടേഷ് വര്‍മയുമാണ് വാക്‌സിനുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയടക്കം 20 രാജ്യങ്ങള്‍ റഷ്യന്‍ നിര്‍മിത വാക്‌സിനില്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

Content Highlight: First Batch Corona Virus Vaccine Sputnik V Released Into Public