ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ അനുവദിച്ച വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഓപ്ഷണല്‍ മൊറട്ടോറിയം ഉപയോഗിച്ച് വായ്പക്കാരെ അവരുടെ ഇഎംഐ ഭാരം ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് സുപ്രീം കോടതി സര്‍ക്കാരിന് രണ്ടാഴ്ച കൂടി സമയം നല്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ചോദിച്ച കോടതി, കേന്ദ്രത്തിന് സമയം നല്‍കുകയാണെന്നും ദൃഡമായ തീരുമാനം എടുക്കണമെന്നും ആവശ്യപ്പെട്ടു.
സുപ്രീംകോടതിയുടെ മൂന്നംഗ ജഡ്ജിമാരാണ് കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. കേന്ദ്രത്തിനും റിസര്‍വ് ബാങ്കിനും ഇത് പരിഹരിക്കാനുള്ള പദ്ധതിയുമായി വരാനുള്ള അവസാന അവസരമാണിതെന്നും കോടതി ചൂണ്ടികാട്ടി. കേസ് ഇനിയും മാറ്റിവയ്ക്കുന്നതില്‍ സുപ്രീംകോടതി വിസമ്മതം അറിയിച്ചു.
മൊറട്ടോറിയം കാലയളവില്‍ മാറ്റിവച്ച ഇഎംഐകള്‍ക്ക് പലിശ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി നേരത്തെ പരിഗണിച്ചിരുന്നു. മൊറട്ടോറിയം കാലവധി അവസാനിച്ച ഓഗസ്റ്റ് 31ന് ശേഷം തിരിച്ചടയ്ക്കാത്ത വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. മൊറട്ടോറിയം കാലവധി രണ്ടു വര്‍ഷം വരെ നീട്ടാനുള്ള വഴി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച സ്കീമില്‍ ഉണ്ടെന്നും പലിശ പൂര്‍ണമായും ഒഴിവാക്കുക പ്രയാസമാണെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
Content Highlight: Last Chance To Decide On Loan Moratorium Plan: Supreme Court To Center