ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കും; തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കും; സര്‍വകക്ഷി യോഗത്തില്‍ ധാരണ

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ വളരെ തുക ചെലവാക്കി നടത്താനുദ്ധേശിച്ച ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യോഗം ചേര്‍ന്നത്. കൊവിഡ് പശ്ചാത്തലവും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വെക്കാനും യോഗത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ തീരുമാനമായി.

മെയില്‍ കാലാവധി അവസാനിക്കുന്ന ചവറ, കുട്ടനാട് സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, മതിയായ കാരണങ്ങളില്ലാതെ തെരഞ്ഞെടുപ്പ് ഒഴിവാക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. കൂടാതെ, എല്ലാ പാര്‍ട്ടികളുടെയും അപേക്ഷ ലഭിച്ചെങ്കില്‍ മാത്രമേ ആവശ്യം പരിഗണിക്കൂവെന്നും കമ്മീഷന്‍ പ്രതികരിച്ചിരുന്നു.

കൊവിഡ് വ്യാപനവും പാര്‍ട്ടികളുടെ അഭിപ്രായ ഐക്യവും ചൂണ്ടികാട്ടി തെരഞ്ഞടുപ്പ് ഉപേക്ഷിക്കണമെന്ന് സംസ്ഥാനം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും.

Content Highlight: All Party meet requests to postponed Local Body election