രാജ്യത്ത് ഒറ്റ ദിവസത്തില്‍ ഒരു ലക്ഷത്തിനടുത്ത് കൊവിഡ് കേസുകള്‍; ആശങ്ക

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ശമനമില്ലാതെ പ്രതിദിന കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോടടുത്ത് കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി 96,551 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കേസുകള്‍ 45 ലക്ഷം കടന്ന് 45,62,415ലേക്ക് ഉയര്‍ന്നു. പ്രതിദിന കണക്കില്‍ ഏറ്റവും ഉയര്‍ന്ന കേസുകളാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്.

ഇന്നലെയും ആയിരത്തിന് മുകളിലാണ് കൊവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയത്. 1,209 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 76,271 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1.67 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്.

ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച 45,62,415 കേസുകളില്‍ 9,43,480 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്. ഇതുവരെ 35,42,664 പേര്‍ രോഗമുക്തരായി. 77.65 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം, രാജ്യത്ത് മെയ് മാസം വരെ 64 ലക്ഷം പേരെ കൊവിഡ് ബാധിച്ചേക്കുമെന്നാണ് ഐസിഎംആറിന്റെ നാഷണല്‍ സീറോ സര്‍വേ സൂചിപ്പിക്കുന്നത്.

Content Highlight: India Sees Record 1-Day Surge In Covid Cases, Deaths; Tally Past 45 Lakh