തിരുവനന്തപുരം: മൂന്നാര്‍ പെട്ടിമുടിയിലുണ്ടായ ദുരന്തത്തിന് കാരണം ഒരാഴ്ച്ചയായി പെയ്ത അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി ദുര്‍ബല പ്രദേശമാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടിമുടി ദുരന്തത്തിന് ശേഷം ആദ്യം പുറത്ത് വരുന്ന ആധികാരിക റിപ്പോര്‍ട്ടാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെത്.
ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 10 വരെ പെയ്ത അതിതീവ്ര മഴയാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണമായതെന്നാണ് സര്‍വേ ചൂണ്ടികാട്ടുന്നത്. 24-26 സെന്റിമീറ്റര്‍ മഴയാണ് പ്രദേശത്ത് ഈ ദിവസങ്ങളില്‍ ലഭിച്ചത്. ദുരന്തമുണ്ടായ ലയങ്ങളിലിരിക്കുന്ന പ്രദേശങ്ങളെല്ലാം ഒരു മലയുടെ താഴ്വാരത്തിലാണ്. ചെറിയ മരങ്ങളും പാറക്കല്ലുകളും നിറഞ്ഞ ഈ പ്രദേശം അതീവ പരിസ്ഥിതി ദുര്‍ബലമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
50 വര്‍ഷത്തോളം മേഖലയില്‍ താമസിക്കുന്ന തൊഴിലാളി കുടുംബങ്ങളാണ് ദുരന്തത്തിന് ഇരയായത്. ഇതിനു മുമ്പ് ഒരിക്കല്‍ പോലും പ്രദേശത്ത് സമാന സംഭവം ഉണ്ടായിട്ടില്ലെന്നതിനാല്‍ വേണ്ട മുന്‍കരുതല്‍ പ്രദേശത്ത് സ്വീകരിച്ചിരുന്നില്ല. ഇതാണ് ദുരന്തത്തിന്റെ തീവ്രത കൂടാനുള്ള കാരണമായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദുരന്ത സാധ്യത തിരിച്ചറിഞ്ഞതോടെ പെട്ടിമുടിയില്‍ അവശേഷിക്കുന്ന ലയങ്ങള്‍ ഇവിടെ നിന്ന് മാറ്റണമെന്നും പുഴയുടെ സമീപത്ത് മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്ത മേഖലയില്‍ ഇതുവരെ നടത്തിയ മാപ്പിങ് പഠനങ്ങളില്‍ എല്ലാം പെട്ടിമുടി, അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നാണ് കണ്ടെത്തിയത്.
Content Highlight: Pettimudi landslide: investigation report by geological survey of India