കോവാക്‌സിന്‍: മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് നിര്‍മാതാക്കള്‍

ഹൈദരാബാദ്: കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് ഭാരത്ബയോടെക്. മൃഗങ്ങളില്‍ രോഗ പ്രതിരോധ ശേഷി പ്രകടമായതായാണ് നിര്‍മാതാക്കളുടെ വാദം. വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതും ഭാരത് ബയോടെക് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

കോവാക്‌സിന്റെ മൃഗങ്ങളിലുള്ള പരീക്ഷണത്തിന്റെ ഫലം കമ്പനി അഭിമാനപൂര്‍വം സമര്‍പ്പിക്കുന്നു എന്ന് ഭാരത് ബയോടെക്ക് ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് വാക്‌സിന്‍ നല്ല ഫലം പ്രകടമാക്കുമെന്നും കമ്പനി അവകാശപ്പെട്ടു. രാജ്യത്തുടനീളം തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിന്‍ 12 സ്ഥാപനങ്ങളിലായാണ് പരീക്ഷിക്കുന്നത്. ആദ്യഘട്ട പരിശോധനയുടെ ഫലങ്ങള്‍ വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ നിര്‍മ്മിക്കുന്നത്. ഹൈദരബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് ഭാരത് ബയോടെക്.

Content Highlight: Covaxin vaccination found effective in non-human primates