ലോക്ക്ഡൗണില്‍ മരിച്ച കുടിയേറ്റ തൊഴിലാളികളുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് 19 മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സ്വന്തം നാടികളിലേക്ക് കാല്‍നടയായും മറ്റും മടങ്ങുന്നതിനിടെ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചിട്ടുണ്ടെന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാര്‍. ലോക്ക്‌സഭയിലെ ചോദ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്. ലോക്ക്ഡൗണിനിടെ കാല്‍നടയായി തലസ്ഥാന നഗരിയിലടക്കം ആളുകള്‍ യാത്ര തുടര്‍ന്നതും തുടര്‍ന്നുണ്ടായ ദുരിതങ്ങളും മരണങ്ങളും കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ആയുധമാക്കി പ്രതിപക്ഷം മാറ്റിയിരുന്നു.

സ്വന്തം നാടുകളിലേക്ക് ലോക്ക്ഡൗണ്‍ കാലത്ത് മടങ്ങാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളില്‍ പലര്‍ക്കും ജീവന്‍ നഷ്ടമായത് സര്‍ക്കാര്‍ അറിഞ്ഞിരുന്നോ എന്നും സംസ്ഥാനടിസ്ഥാനത്തില്‍ കണക്കുകള്‍ ലഭ്യമാണോയെന്നുംമാണ് പ്രതിപക്ഷം ലോക്‌സഭയില്‍ ആരാഞ്ഞത്. കൂടാതെ, ഇവരുടെ കുടുംബത്തിന് എന്തെങ്കിലും തരത്തിലുള്ള സഹായ ധനം പ്രഖ്യാപിച്ചോയെന്നും മന്ത്രിയോട് ചോദിച്ചു.

ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമാകാത്തതു കൊണ്ട് തന്നെ ദുരിതാശ്വായ തുക സംബന്ധിച്ച ചോദ്യത്തിന് പ്രസക്തിയില്ലെന്നും തൊഴില്‍ മന്ത്രി ലോക്‌സഭയിലെ ചോദ്യത്തിന് മറുപടി നല്‍കി. ലോക്ക്ഡൗണ്‍ സമയത്ത് തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിലയിരുത്തുന്നതില്‍ സര്‍ക്കാര്‍ പരാചയപ്പെട്ടെന്നും ലോക്ക്‌സഭയില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, റസിഡന്റ് അസോസിയേഷനുകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചിത്വ തൊഴിലാളികള്‍ എന്നിവരിലൂടെ രാജ്യം പ്രതികരിച്ചുവെന്ന് മന്ത്രി മറുപടി നല്‍കി.

1.04 കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങി എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. 32.4 ലക്ഷം പേരുമായി ഉത്തര്‍പ്രദേശാണ് പട്ടികയില്‍ ഒന്നാമത്.

Content Highlights: No data available on migrant deaths during lock down, says Center in Parliament’s monsoon session