ഹിന്ദു വിവാഹ നിയമ പ്രകാരം സ്വവര്‍ഗ വിവാഹം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരേ ലിംഗതതില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഹിന്ദും വിവാഹ നിയമപ്രകാരം സ്വവര്‍ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ഇത്തരം വിവാഹങ്ങള്‍ അനുവദിച്ചാല്‍ അത് നിലവിലുള്ള വ്യവസ്ഥയ്ക്ക് വിരുദ്ധമാകുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്.

നമ്മുടെ നിയമവും മൂല്യങ്ങളും സാമൂഹ്യാവസ്ഥയും വിവാഹം എന്നത് വിശുദ്ധകര്‍മമായാണ് കണക്കാക്കുന്നത്. ഒരേ ലിംഗത്തില്‍പ്പെട്ട ദമ്പതിമാരെ അംഗീകരിക്കാന്‍ നമ്മുടെ സമൂഹത്തിന് സാധിക്കില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. 1956ലെ ഹിന്ദു വിവാഹനിയമ പ്രകാരം ഒരേ ലിംഗത്തില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ നിലപാട്.

പ്രത്യേക ഉത്തരവ് ഇല്ലാതെ സ്വവര്‍ഗ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അബിജിത് അയ്യര്‍ മിത്ര എന്നയാളും മറ്റു ചിലരും ചേര്‍ന്നാണ് ഹര്‍ജി സമര്‍പിച്ചത്. സ്വവര്‍ഹ ബന്ധത്തിന് നിയമപരമായ തടസ്സങ്ങളില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാത്തത് തുല്യതയ്ക്കുള്ള അവകാശത്തിനും ജീവിക്കാനുള്ള അവകാശത്തിനും വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlights: Our values don’t recognize same-sex marriage’: Center tells Delhi HC