കൊവിഡ് വ്യാപനം രൂക്ഷമായത് ഓണത്തിന് ശേഷമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായത് ഓണത്തിന് ശേഷമെന്ന് ആരോഗ്യ വകുപ്പ്. ഓണത്തോടനുബന്ധിച്ച് ആളുകള്‍ കൂടിതലായി ഇടപഴകാനും അത് വഴി രോഗം വര്‍ദ്ധിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഓണത്തിന് ശേഷമുള്ള കണക്ക് പ്രകാരം ആറ് ജില്ലകളില്‍ രോഗസ്ഥിരീകരണം കൂടിയതായാണ് റിപ്പോര്‍ട്ട്.

പരിശോധനക്ക് വിധേയമാക്കുന്നവരില്‍ പോസിറ്റീവ് ആകുന്നതിന്റെ തോത് തിരുവനന്തപുരത്ത് 9.9 ല്‍ നിന്നും 13.6 ശതമാനമായും കണ്ണൂരില്‍ 8.2 ല്‍ നിന്നും 12.6 ശതമാനമായുമാണ് വര്‍ദ്ധിച്ചത്. 16 ശതമാനമുള്ള മലപ്പുറത്താണ് ഏറ്റവുമധികം രോഗവ്യാപനം കണ്ടെത്തിയത്. ഓഗസ്റ്റ് അവസാന വാരത്തെ അപേക്ഷിച്ച് ഇത് കുറവാണെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രോഗസ്ഥിരീകരണ നിരക്ക് മുന്‍ ആഴ്ചകളെക്കാള്‍ ഗണ്യമായി വര്‍ധിച്ചു. കൊല്ലം, ഇടുക്കി ജില്ലകളില്‍ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിലെ ഇടവേള കുറഞ്ഞതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ പരിശോധന വര്‍ദ്ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആരോഗ്യ വകുപ്പ് മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദ്ദേശം.

Content Highlights: Covid spread outbreaks after onam six districts have higher confirmation rates