ആർസിനിക്കം ആൽബം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് പഠനം നടത്തിയ ഡോക്ടർ

കൊവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്നായ ആർസിനിക്കം ആൽബം  ഫലപ്രദമാണെന്ന അഭ്യൂഹങ്ങൾ പടരുന്നതിനിടയിൽ ആർസിനിക്കം ആൽബം രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് പഠനം നടത്തിയ ഡോക്ടർ തന്നെ രംഗത്തുവന്നു. ആർസിനിക്കം ആൽബം രോഗപ്രതിരോധ ശേഷി കൂട്ടുമെന്ന് പഠനത്തിൻ്റെ ഒരു ഭാഗത്തും പറഞ്ഞിട്ടില്ലെന്നും അപ്റെഗുലേഷന് മാത്രമാണ് സഹായിക്കുന്നതെന്നാണ് പറഞ്ഞിട്ടുള്ളതെന്നും പഠന സംഘത്തിലെ ഡോക്ടർന്മാരിലൊരാളായ ഡോ തോമസ് എംവി പറഞ്ഞു. അമ്യൂസിയം സംഘടിപ്പിച്ച ആരോഗ്യ മേഖലയിലെ വിദഗ്ധർ പങ്കെടുത്ത വെബിനാറിലാണ് പഠനത്തിലെ അപാകതകൾ ചൂണ്ടികാണിക്കപ്പെട്ടത്. ആധുനിക ശാസ്ത്ര ശാഖയിൽ നിന്നുള്ള 4 ഡോക്ടർന്മാരും 4 ഹോമിയോ ഡോക്ടർന്മാരുമാണ് പങ്കെടുത്തത്. ഡോ തോമസ് എംവി, ഡോ. എ. ടി സുരേഷ്, ഡോ സുഹാന അസീസ്, ഡോ ആരിഫ് ഹുസെെൻ എന്നിവർ ഹോമിയോയെ പ്രതിനിധീകരിച്ചും ഡോ ജിമ്മി മാത്യൂ, ഡോ അനീഷ് ടിഎസ്, ഡോ വെെശാഖൻ തമ്പി, ഡോ ശിവരാമൻ നിർമൽ ഗോഷ് എന്നാവർ മോഡേൻ മെഡിസിനെ പ്രതിനിധീകരിച്ചും വെബിനാറിൽ പങ്കെടുത്തു. 

ഡോ തോമസ് എംവിയുടെ പഠനത്തെ കേന്ദ്രീകരിച്ച് നടത്തിയ ചർച്ചയിൽ ആർസിനിക്കം ആൽബം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്ന വാദത്തിൻ്റെ പഴുതുകൾ ചൂണ്ടിക്കാട്ടപ്പെട്ടു. പഠനത്തിൽ സൂചിപ്പിച്ചിരുന്ന കണക്കുകളിലെ വെെരുധ്യങ്ങളേയും പോരായ്മകളും മോഡേൻ മെഡിസിൻ ഡോക്ടർന്മാർ ചൂണ്ടിക്കാണിച്ചു. പിന്നീട് തോമസ് എംവി തന്നെ പ്രതിരോധ ശേഷി വർധിക്കുമെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് രംഗത്ത് വരികയായിരുന്നു. 

പത്തനംതിട്ട ജില്ല ഹോമിയോപ്പതി മെഡിക്കൽ ഓഫീസറും സംവിധായകനുമായ ഡോ ബിജുവിൻ്റെ നേത്യത്വത്തിൽ നടത്തിയ പഠനത്തെ മുൻ നിർത്തിയാണ് ആർസിനിക്കം ആൽബം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതായി വാർത്ത പുറത്തു വരുന്നത്. ഈ പഠനത്തെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ഷെെലജയും ഹോമിയോ മരുന്ന് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ ഐഎംഎ അടക്കം രംഗത്തു വന്നിരുന്നു. കൊവിഡ് എന്ന മഹാമാരിയെ ചെറുക്കാൻ ജീവൻ പോലും പണയം വെച്ച് പ്രവർത്തിക്കുന്ന ആധുനിക ശാസ്ത്ര ശാഖയിലെ ആരോഗ്യ പ്രവർത്തകരെ മന്ത്രി ഇതുവഴി പരിഹസിക്കുകയാണ് ചെയ്തതെന്ന് ഐഎംഎ ചൂണ്ടിക്കാണിച്ചിരുന്നു. 

content highlights: homeopathic drug Arsenicum album can’t increase immunity says a homeopathic doctor