ചൈനയുടെ കൊവിഡ് വാക്‌സിന്‍; യുഎഇയില്‍ അന്തിമഘട്ട പരീക്ഷണം; വിജയകരമെന്ന് സൂചന

ദുബൈ: ചൈന വികസിപ്പിക്കുന്ന കൊവിഡ് 19 വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണം ദുബൈയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ വിജയകരമാണെന്ന സൂചനയാണ് ലഭിക്കുന്നത്. പരീക്ഷണത്തില്‍ വാക്‌സിന്‍ സ്വീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ചൈനീസ് കമ്പനിയായ സിനോഫാമാണ് യുഎയില്‍ പരീക്ഷണം നടത്തുന്നത്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് റസ്ലീം ഉള്‍പ്പെടെ 31,000 പേരിലാണ് സിനെഫാം വാക്‌സിന്‍ പരീക്ഷിച്ചത്. ഇതില്‍ 30,000 പേര്‍ വിവിധ രാജ്യക്കാരായ വോളണ്ടിയര്‍മാരും ആയിരം പേര്‍ ഗുരുതരമായ രോഗമുള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട്.

വോളണ്ടിയര്‍മാരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്സിന്‍ വിജകരമാണെന്നു കണ്ടതോടെ അടിയന്തര ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു മരുന്ന് നല്‍കാന്‍ യുഎഇ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ 65 വയസിനുമുകളിലുള്ള മറ്റു ഗുരുതരമായ രോഗമുള്ളവര്‍ക്കും തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും മരുന്നും ലഭ്യമാക്കും.

പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസാണ് സ്വീകരിക്കേണ്ടത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ ആജീവനാന്തം ആന്റിബോഡി ശരീരത്തില്‍ നിലനില്‍ക്കുമെന്നാണ് സിനോഫാം അവകാശപ്പെടുന്നത്. ഒരു ഡോസിന് 300 ദിര്‍ഹം (6000 രൂപയോളം) ആയിരിക്കും യുഎഇയിലെ വിലയെന്നാണ് ലഭ്യമായ വിവരം. അന്തിമാനുമതി ലഭിച്ച് വാക്‌സിന്‍ ചൈനയില്‍ ലഭ്യമാക്കുന്ന അതേസമയത്ത് തന്നെ യുഎഇയ്ക്കും സിനോ ഫാം മരുന്ന് നല്‍കും.

വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒരു വര്‍ഷം ആരോഗ്യ വിഭാഗത്തിന്റെയും കമ്പനിയുടെയും നിരീക്ഷണത്തിലായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് യുഎഇയ്ക്കു പുറത്ത് സഞ്ചരിക്കുന്നതിനും ഇവര്‍ക്ക് വിലക്കുണ്ട്. കൂടാതെ, വാക്‌സിന്‍ സ്വീകരിച്ചവര്‍ കമ്പനി നല്‍കുന്ന ബാന്‍ഡ് കൈയില്‍ ധരിക്കണം. ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പ് വഴി രോഗിയുടെ ഹൃദയ സ്പന്ദനവും രക്തസമ്മര്‍ദ്ദവും കമ്പനി നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Content Highlight: UAE grants emergency approval China’s Covid 19 vaccine